അമിതവേഗത്തിലോടിച്ച കാറിടിച്ച് സ്ത്രീ മരിച്ച സംഭവം; പോലീസുകാരന് സസ്പെന്ഷന്, നരഹത്യക്ക് കേസ്
കണ്ണൂര്‍: അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് ഏച്ചൂര്‍ കമാല്‍പീടികയ്ക്ക് സമീപം കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തില്‍ കാറോടിച്ച പോലീസുകാരന് സസ്പെന്ഷന്.
മുണ്ടേരി വനിതാ സഹകരണസംഘം ജീവനക്കാരി ബി. ബീന മരിച്ച സംഭവത്തിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കൊല്ലന്‍ചിറയിലെ ലിതേഷിനെ സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ സസ്പെന്‍ഡ് ചെയ്തത്. പോലീസുകാരനെതിരേ നരഹത്യയ്ക്ക് ചക്കരക്കല്ല് പോലീസ് കേസെടുത്തിട്ടുണ്ട്.
അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസ്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ബീന കാറിന്റെ ശക്തമായ ഇടിയില്‍ പൊങ്ങിത്തെറിച്ച് ദൂരെ വീഴുകയായിരുന്നു.
സാരമായി പരിക്കേറ്റ ബീനയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡില്‍നിന്ന് ഏറെ മാറിയാണ് ബീന നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഭാരതീയ ന്യായസംഹിത പ്രകാരം 281,106 (1) വകുപ്പ് പ്രകാരം പോലീസുകാരന് എതിരായ ആദ്യ കേസാണിത്. അഞ്ചുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം.