കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം, ഒരാൾക്ക് പരിക്ക്, രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു
കോഴിക്കോട്: നഗരത്തിലെ മുതലക്കുളത്ത് വൻ തീപിടിത്തം. മുതലക്കുളത്ത് ടി.ബി.എസ് വ്യാപാര സമുച്ചയത്തിന് സമീപമുള്ള ചായക്കടയിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് അടുത്തുള്ള മൂന്ന് കടകളിലേക്ക് തീ പടർന്നു. രണ്ട് കടകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
വലിയ പൊട്ടിത്തെറി ശബ്ദം കേട്ടാണ് ആളുകൾ അപകടമുണ്ടായത് അറിഞ്ഞത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് സൂചന. അഗ്നിരക്ഷാ സേനയും പൊലീസും ഉടൻ സ്ഥലത്തെത്തി തീകെടുത്തി.
രണ്ട് മാസം മുൻപ് കോഴിക്കോട് വെള്ളയിൽ ഗാന്ധി റോഡിലെ കാർ വർക്ക്ഷോപ്പിലും തീപിടിത്തമുണ്ടായിരുന്നു. ജനവാസ മേഖലയിലായിരുന്നു ഇത്. രാവിലെ തീപിടിത്തമുണ്ടാകുകയും തുടർന്ന് സമീപത്തെ തെങ്ങിലേക്ക് പടർന്നുപിടിക്കുകയുമായിരുന്നു.
പ്രശ്നമുണ്ടായി അര മണിക്കൂറിന് ശേഷമാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. അപകടം നടന്ന സമയം വളരെ കുറച്ച് ജീവനക്കാരേ ഇവിടെയുണ്ടായിരുന്നുള്ളു. അതിനാൽ ആൾനാശം ഒഴിവാക്കാനായി. എന്നാൽ നിരവധി വാഹനങ്ങൾ വർക്ഷോപ്പിൽ ഉണ്ടായിരുന്നു.
വർക്ക്ഷോപ്പിന്റെ പെയിന്റിംഗ് യൂണിറ്റിലാണ് ആദ്യം തീപിടിച്ചത്. നാട്ടുകാർ സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. കയർഫെഡിന്റെയും കേരള സോപ്പ്സിന്റെയും കമ്പനികൾ പ്രവർത്തിക്കുന്നതിന് തൊട്ടടുത്തായിരുന്നു അന്ന് തീപിടിത്തം ഉണ്ടായത്.