യൂസ്ഡ്കാര്‍ ഷോറൂമിൽ 102 കോടിയുടെ കള്ളപ്പണ ഇടപാട്; സിനിമാതാരങ്ങൾക്കും ക്രിക്കറ്റ്താരത്തിനും നോട്ടീസ്
കോഴിക്കോട്: യൂസ്ഡ് കാര്‍ ഷോറൂമില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള റോയല്‍ഡ്രൈവ് എന്ന ഷോറൂമിലാണ് ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷന് പരിശോധന നടത്തിയത്. സിനിമ, കായിക മേഖലയില്‍ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകള്‍ പരിശോധനയില്‍ കണ്ടത്തിയെന്നാണ് വിവരം. ഇവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കും.
വന്‍ തുകകളുടെ ഇടപാട് നടക്കുന്നുവെന്ന വിവരത്തിന് പിന്നാലെ ഷോറൂമിന്റെ കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ഷോറൂമുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ആഡംബര കാറുകള്‍ വാങ്ങി കുറച്ചുകാലം ഉപയോഗിച്ച ശേഷം റോയല്‍ ഡ്രൈവിന് വില്‍ക്കുകയും പണം അക്കൗണ്ടില്‍ കാണിക്കാതെ കൈപ്പറ്റിയതായും വിവരമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സിനിമാതാരങ്ങളും ക്രിക്കറ്റ് താരവും ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.