പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥിനികളെ കാണാതായി
കണ്ണൂർ: പുഴയിൽ ഒഴുക്കിൽപെട്ടു 2 വിദ്യാർ ഥിനികളെ കാണാതായി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനികളായ എടയന്നൂർ സ്വദേശിനി ഷഹർ ബാന (28), അഞ്ചരക്കണ്ടി സ്വദേശിനി സൂര്യ (21) എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. സഹപാഠിയുടെ പടിയൂർ പൂവത്തെ വീട്ടിൽ നിന്നു മൊബൈലിൽ ചിത്രങ്ങളും വീഡിയോവും പകർത്തിയ ശേഷം വാട്ടർ അതോറിറ്റിയുടെ ടാങ്കിന് സമീപം പുഴയിൽ ഇറങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ പുഴയിൽ ഒഴുക്കുണ്ടെന്ന് അറിയിച്ചിരുന്നു. പെട്ടെന്ന് രണ്ടുപേരും ഒഴുക്കിൽ പെടുകയായിരുന്നു. ഇത് കണ്ട് സമീപത്തു മത്സ്യം പിടിക്കുന്നവരും ടാങ്കിനു മുകളിലുണ്ടായിരുന്ന വാട്ടർ അതോറിറ്റി ജീവനക്കാരനും രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഒഴുക്കിൽപ്പെട്ട ഒരു പെൺകുട്ടി മീൻ പിടിക്കുന്നവരുടെ വലയിൽ പെട്ടെങ്കിലും വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ വല യിൽനിന്നു പുറത്തുപോയെന്നു പറയുന്നു.
അഗ്നിരക്ഷാ സേനയിലെ സ്കൂബാ ഡൈവർമാർ ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. രാത്രി 7.30ന് തിരച്ചിൽ നിർത്തിവച്ചു.ഇന്ന് കൂടുതൽ സ്കൂബാ സംഘങ്ങളെ എത്തിച്ച് തിരച്ചിൽ നടത്തുമെന്ന് ഇരിട്ടി തഹസിൽദാർ വി.എസ്. ലാലിമോൾ പറഞ്ഞു.