കാസർകോട്: മുന്നാട് പീപ്പിള്‍സ് കോളജിന്റെ മാഗസീനിനെതിരെ കെ എസ് യുവും എബിവിപിയും. ഉറ മറച്ചത് എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന മാഗസീനിന്റെ കവര്‍ കോണ്ടം കൊണ്ട് പകുതി മറച്ച ഏത്തപ്പഴത്തിന്റെ ചിത്രമാണ്. മറയില്ലാത്ത ചില തുറന്നെഴുത്തുകള്‍ എന്നും കവറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗികത, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള അന്വേഷണമാണ് മാഗസീനെന്ന് കോളജ് സ്റ്റുഡന്റ്സ് യൂണിയന് ചെയര്‍മാനും എസ്എഫ്ഐ നേതാവുമായ ആഷിക് മുസ്തഫ പറയുന്നു.
ഇതിനെതിരെയാണ് കെ എസ് യുവും എബിവിപിയും രംഗത്തെത്തിയിരിക്കുന്നത്. ലൈംഗികത സ്വീകരിക്കുന്നതിനായി എസ്എഫ്ഐ മാര്‍ക്സിസത്തില്‍ നിന്ന് വ്യതിചലിക്കുന്നതായി എബിവിപി വ്യക്തമാക്കി. ആര്‍ത്തവം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ കോളജ് മാഗസീന് അതിനുള്ള ഇടമല്ല. മാധ്യമശ്രദ്ധ നേടുന്നതിനായാണ് ഇതെന്നും കുറ്റപ്പെടുത്തി. പൊലീസിലും കളക്ടര്‍ക്കും കണ്ണൂര്‍ സര്‍വകലാശാലയിലും പ്രധാനമന്ത്രിയുടെ പരാതി പരിഹാര പോര്‍ട്ടലിലും കെ എസ് യു പരാതി നല്‍കിയിട്ടുണ്ട്. അതില്‍ അശ്ലീല വാക്കുകളും അനുചിതമായ ചിത്രങ്ങളും നിറഞ്ഞിരിക്കുന്നു. ഞങ്ങള്‍ക്ക് മാസിക വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്നായിരുന്നു കെഎസ്യു ജില്ലാ സെക്രട്ടറി മാര്ട്ടിന് അബ്രഹാം പറഞ്ഞത്.