യുവാവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; സ്വർണ്ണം പൊട്ടിക്കൽ സംഘാംഗം അറസ്റ്റിൽ
കണ്ണൂർ: മുംബൈ വിമാനത്തിൽ എത്തിയ യാത്രക്കാരനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സ്വർണ്ണം പൊട്ടിക്കൽ സംഘാഗമായ കോഴിക്കോട്, കുറ്റ്യാടി, കക്കൂടാരത്ത്, ഷിനോജി(34)നെയാണ് മട്ടന്നൂർ എയർപോർട്ട് പൊലീസ് ഇൻസ്പെക്ടർ എൻ.സി അഭിലാഷും സംഘവും അറസ്റ്റ് ചെയ്തത്. ജൂൺ 23ന് ആണ് കേസിനാസ്പദമായ സംഭവം. മുംബൈ വിമാനത്തിൽ എത്തിയ ഉള്ളേരി സ്വദേശി ആഷിഖിനെയാണ് ആളുമാറി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. യുവാവ് ബഹളം വെച്ചതോടെ ആൾക്കാരും പൊലീസും ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം കാറിൽ രക്ഷപ്പെട്ടിരുന്നു. മുംബൈ വിമാനത്തിലെത്തുന്ന ഒരു യാത്രക്കാരന്റെ കൈവശം സ്വർണ്ണം ഉണ്ടെന്ന് സ്വർണ്ണം പൊട്ടിക്കൽ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇത് അനുസരിച്ചാണ് തട്ടിക്കൊണ്ടു പോകാനുള്ള പദ്ധതി ഒരുക്കിയത്. എന്നാൽ സംഘത്തിന് മുൻ പരിചയമില്ലാത്തതിനാലാണ് ആളുമാറിയതും തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെട്ടതും.