ബോവിക്കാനം സ്കൂളിലെ തീവെപ്പ്; പൊലീസ് കേസെടുത്തു, അക്രമികളെ തെരയുന്നു
കാസർകോട്: ബോവിക്കാനം എ.യു.പി സ്കൂളിൽ സാമൂഹ്യദ്രോഹികൾ നടത്തിയ കൊള്ളിവെപ്പു സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി പ്രീപ്രൈമറി വിഭാഗത്തിൽ ഉണ്ടായ അക്രമം തിങ്കളാഴ്ച രാവിലെയാണ് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. കുട്ടികളുടെ കളിപ്പാട്ടങ്ങൾ, 200 ൽപ്പരം പുസ്തകങ്ങൾ, ക്രയോൺ പെൻസിലുകൾ എന്നിവയാണ് കത്തി നശിച്ചത്. ഇതേ സ്കൂളിൽ നേരത്തെയും സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം ഉണ്ടായിരുന്നു. വീണ്ടും അതിക്രമം ഉണ്ടായതോടെ അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.