മസ്റ്ററിംഗ് നിർബന്ധം, ഇല്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പ്
കൊച്ചി: എൽ പി ജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിനു തന്നെ കിട്ടുന്നുവെന്ന് ഉറപ്പാക്കുന്നതിനു നടപടി കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി മസ്റ്ററിംഗ് നിർബന്ധമാക്കി കേന്ദ്രസർക്കാർ.
മസ്റ്ററിംഗ് നടത്തണമെന്ന് രണ്ടു മാസം മുമ്പു തന്നെ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കാര്യമായ പ്രതികരണം ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് മസ്റ്ററിംഗ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ ഏതാനും മാസത്തിനു ശേഷം ഗ്യാസ് സിലിണ്ടർ ലഭിക്കില്ലെന്നാണ് സൂചന. ആധാർ വിവരങ്ങൾ എൽ പി ജി കണക്ഷനുമായി ബന്ധിപ്പിക്കുന്ന നടപടിയാണ് മസ്റ്ററിംഗ്. ഉപഭോക്താവ് നേരിട്ടെത്തി ബയോമെട്രിക് പഞ്ചിംഗ് വഴി വിശദവിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ മസ്റ്ററിംഗിനു പോകുമ്പോൾ കൈവശം കരുതണം. ഉപഭോക്താവ് വിദേശത്തോ മരിച്ചുപോയതോ, കിടപ്പ് രോഗിയോ എങ്കിൽ കണക്ഷൻ റേഷൻ കാർഡിലുള്ള മറ്റൊരാളുടെ പേരിലേയ്ക്ക് മാറ്റാം. നേരിട്ടെത്താൻ കഴിയാത്തവർക്ക് ഇന്ധന വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം.