കണ്ണൂരിൽ കാറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം വെള്ളരിക്കുണ്ടിൽ; പൊലീസ് തെരച്ചിൽ തുടരുന്നു; കാസർകോട്ടും ജാഗ്രത
കാസർകോട്: കണ്ണൂരിൽ കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി. സംഘം കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ എത്തിയതായി വിവരം. വെള്ളരിക്കുണ്ട്, രാജപുരം പൊലീസ് സംയുക്തമായി തെരച്ചിൽ തുടങ്ങി. കണ്ണൂർ മുണ്ടേരി സ്വദേശി സുറൂറിനെയാണ് ചൊവ്വാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയത്. മുണ്ടേരി കൈപ്പക്ക മൊട്ടയിൽ വച്ചാണ് സംഭവം. രാവിലെ കടയിൽ നിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വണ്ടിക്കച്ചവടവും സ്ഥലക്കച്ചവടവുമാണ് സുറൂറിന്റെ വരുമാന മാർഗ്ഗം. വണ്ടിക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാട് തർക്കത്തെ തുടർന്ന് കാസർകോട് ജില്ലയിലെ പാണത്തൂരിൽ നിന്നുള്ള സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് സംശയം. ചക്കരക്കൽ പൊലീസും അന്വേഷണം തുടങ്ങി.