ജ്വല്ലറി ഉടമകളിൽ നിന്ന് ലക്ഷങ്ങൾ തട്ടി; സ്ത്രീയടക്കം 4 പേർ അറസ്റ്റിൽ, സംഘം കാസർകോട്ടും തട്ടിപ്പ് നടത്തി
കാസർകോട്: പണയസ്വർണ്ണം വീണ്ടെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘം അറസ്റ്റിൽ. ദമ്പതികളടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇവർ കാസർകോട് ജില്ലയിലും വ്യാപകമായ തട്ടിപ്പ് നടത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണം തുടരുന്നു. മട്ടന്നൂർ, വലിയമ്പ്ര ഡാമിനു സമീപത്തെ മൊട്ടമ്മൽ ഹൗസിൽ കെ. റസാഖ് (38), ഉളിയിൽ, പടിക്കച്ചാലിലെ ബി.കെ റഫീഖ് (39), ഇയാളുടെ ഭാര്യ ബി.കെ റഹ്യാന(33), പഴയങ്ങാടി. സീനാക്ഷി ഹൗസിലെ ടി.എസ് മുഹമ്മദ് റാഫി (60) എന്നിവരെയാണ് കൂത്തുപറമ്പ് എ.സി.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിൽ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ ജ്വല്ലറി ഉടമയായ ദിനേശൻ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം അറസ്റ്റിലായത്. മട്ടന്നൂർ എസ്.ബി.ഐ ശാഖയിൽ പണയപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാൻ 15 ലക്ഷം രൂപ നൽകിയാൽ സ്വർണ്ണം ഇവിടെ തന്നെ വിൽപ്പന നടത്താമെന്ന കരാറുണ്ടാക്കി. ഇത് വിശ്വസിച്ച ജ്വല്ലറി ഉടമ 15 ലക്ഷം രൂപയുമായി തന്റെ ജീവനക്കാരനെ മട്ടന്നൂരിലേക്ക് അയച്ചു. ഓട്ടോയിൽ ആയിരുന്നു യാത്ര. തൊട്ടുപിന്നാലെ ജ്വല്ലറി ഉടമയ്ക്ക് വീണ്ടുമൊരു ഫോൺ കാൾ എത്തി. തനിക്ക് അതാവശ്യമായി മറ്റൊരിടം വരെ പോകാനുണ്ടെന്നും സ്വർണ്ണം പണയം വെച്ച തന്റെ ഭാര്യ ബാങ്കിനു മുമ്പിൽ കാത്തിരിക്കുമെന്നും പണവുമായി തിരിച്ച ജ്വല്ലറി ജീവനക്കാരനോട് പറഞ്ഞു.
ഇതനുസരിച്ച് ബാങ്കിന് മുന്നിൽ എത്തിയപ്പോൾ പർദ്ദ ധരിച്ച യുവതി ജീവനക്കാരനെയും കാത്ത് നിൽക്കുകയായിരുന്നു. കാര്യങ്ങൾ സംസാരിച്ചതിന് ശേഷം പണം കൈമാറി. 14 ലക്ഷം മാത്രം മതിയെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ യുവതി ജീവനക്കാരന് തന്നെ തിരികെ നൽകി. വിശ്വാസം വരുത്തുന്നതിനാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പണവുമായി ബാങ്കിനകത്തേക്ക് യുവതി കയറി പോകുമ്പോൾ ജീവനക്കാരനും പിന്തുടർന്നു. എന്നാൽ യുവതി ഇതിനെ വിലക്കി. ബാങ്കിനകത്തു തന്റെ ബന്ധുക്കൾ ഉണ്ടെന്നും അവരുടെ മുന്നിൽ വെച്ച് സ്വർണ്ണം നൽകാൻ കഴിയില്ലെന്നും യുവതി പറഞ്ഞു. ഇതോടെ ബാങ്കിനു പുറത്ത് കാത്തിരിക്കാമെന്ന് ജീവനക്കാരൻ യുവതിയോട് പറഞ്ഞു.
എന്നാൽ ഒരു മണിക്കൂറോളം നേരം ജ്വല്ലറി ജീവനക്കാരൻ കാത്തിരുന്നിട്ടും പണവുമായി ബാങ്കിനകത്തേക്ക് പോയ യുവതി പുറത്തേക്ക് വന്നില്ല. സംശയം തോന്നിയ ജീവനക്കാരൻ ബാങ്കിനകത്തു പോയി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പൊളിഞ്ഞത്. തുടർന്ന് വിവരം ജ്വല്ലറി ഉടമയെ അറിയിച്ചു. ഉടൻ തന്നെ പൊലീസിൽ പരാതിയും നൽകി. എ.സി.പി കെ.പി വേണുഗോപാലിന്റെ നിർദ്ദേശ പ്രകാരം മൊബൈൽ ഫോൺ പിന്തുടർന്ന് നടത്തിയ അന്വേഷത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. ഏതാനും ദിവസം മുമ്പ് പഴയങ്ങാടിയിലെ ഒരു ജ്വല്ലറി ഉടമയെയും സംഘം സമാനരീതിയിൽ തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇതേ സംഘം കാസർകോട് ജില്ലയിലും സമാനരീതിയിൽ ലക്ഷങ്ങൾ തട്ടിയതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് പരാതി നൽകാത്തതാണ് തട്ടിപ്പ് സംഘത്തിന് തുണയായതെന്ന് പൊലീസ് പറഞ്ഞു.