കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കുന്നിടിച്ചുള്ള മണ്ണ് കടത്തിനും മണല്‍ കടത്തിനുമെതിരെ വിജിലന്‍സ് അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി പെരിയ പുല്ലാനിക്കുഴിയിലും നീലേശ്വരം പേരോലിലും വിജിലന്‍സ് സംഘം പരിശോധന നടത്തി. പുല്ലാനിക്കുഴിക്ക് സമീപം നടത്തിയ പരിശോധനയില്‍ മണ്ണ് കടത്താനുപയോഗിക്കുന്ന രണ്ട് ടിപ്പര്‍ ലോറികളും ഒരു ജെ.സി.ബിയും പിടികൂടി. പിടിച്ചെടുത്ത ലോറികളും ജെ.സി.ബിയും തുടര്‍നടപടികള്‍ക്കായി വില്ലേജ് ഓഫീസര്‍ക്ക് കൈമാറി. പേരോലില്‍ നടത്തിയ പരിശോധനയില്‍ രണ്ടര ഏക്കറോളം കുന്നിടിച്ച് മണ്ണ് കടത്തിയതായി കണ്ടെത്തി. സ്ഥലവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷം സ്ഥല ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ വ്യാപകമായി മണ്ണും മണലും കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലന്‍സ് അന്വേഷണ സംഘം പറഞ്ഞു. മണ്ണും മണലും കടത്തുന്നവര്‍ക്കെതിരെ മാത്രമല്ല ഒത്താശനല്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് വിജിലന്‍സ് വ്യക്തമാക്കി.