പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കാസർകോട് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗം
കാസർകോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കാസർകോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഉന്തും തള്ളും ഉണ്ടായതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
വിദ്യാനഗറിലുള്ള ഡിസിസി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പ്രവർത്തകരെ അനുനയിപ്പിച്ച ശേഷം കെ.എസ്.യു ജില്ലാ പ്രസിഡണ്ട് സവാദ് പുത്തൂരിന്റെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. എം.സി പ്രഭാകരൻ പ്രസംഗിച്ചു.
ഉദ്ഘാടന പരിപാടി കഴിഞ്ഞതോടെ പ്രവർത്തകർ വീണ്ടും ബാരിക്കേഡിനു മുകളിലേക്ക് കയറി മുദ്രാവാക്യം വിളിച്ചു. പ്രവർത്തകർ താഴെ ഇറങ്ങാൻ കൂട്ടാക്കാതെ വന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടയിൽ കെ.എസ്.യു സംസ്ഥാന സമിതി അംഗം സെറിമറിയം ബെന്നിയെ വനിതാ പൊലീസ് കസ്റ്റഡിയിലെടുത്തത് സംഘർഷത്തിനും വാക്കുതർക്കത്തിനും ഇടയാക്കി. വിട്ടയച്ചതോടെയാണ് പ്രവർത്തകർ പിന്തിരിഞ്ഞത്.