കാസര്‍കോട്: കേന്ദ്ര ഉടമസ്ഥതയിലുള്ള കാസര്‍കോട് ഭെല്‍-ഇ.എം.എല്‍ യൂണിറ്റ് സംസ്ഥാനത്തിന് കൈമാറുന്നതില്‍ മനഃപൂര്‍വം കാലതാമസമുണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് ഭെല്‍- ഇ.എം.എല്‍ എംപ്ലോയീസ് യൂണിയന് (സി.ഐ.ടി.യു) നേതൃത്വത്തില്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തിന് മുന്നോടിയായി മുന്‍ എം.പിയും യൂണിയന് പ്രസിഡണ്ടുമായ പി. കരുണാകരന്റെ നേതൃത്വത്തില്‍ നാലിന് രാവിലെ പത്തുമുതല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സത്യഗ്രഹം സംഘടിപ്പിക്കും. സി.പി.എം ജില്ലാസെക്രട്ടറി എം.വി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കമ്പനിയെ ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറായതോടെ ഇത്തവണത്തെ ബജറ്റില്‍ കാസര്‍കോട് ഭെല്ലിനായി പത്തുകോടി രൂപയും വകയിരുത്തി. സംസ്ഥാനത്തിന്റെ നിരന്തരമായുള്ള ആവശ്യം അവഗണിച്ച് മനഃപൂര്‍വം ദ്രോഹിക്കുന്ന കേന്ദ്രനിലപാട് തിരുത്തണമെന്നും തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സത്യഗ്രഹം സംഘടിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ കൈവശമുള്ള സ്ഥാപനത്തെ എത്രയും പെട്ടെന്ന് സംസ്ഥാനത്തിന് കൈമാറാന്‍ തയ്യാറാകുന്നില്ലെങ്കില്‍ തൊഴിലാളികളെയും ബഹുജനങ്ങളെയും അണിനിരത്തി യൂണിയന് നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിക്കും. പി. കരുണാകരന്റെ നേതൃത്വത്തില്‍ നടക്കുന്ന സത്യഗ്രഹ സമരം വിജയിപ്പിക്കണമെന്ന് സി.ഐ.ടി.യു ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.