കാസർകോട് ജില്ലയിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഓറഞ്ച് അലര്‍ട്ട്
കാസർകോട് : ജില്ലയിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ജില്ലയിൽ പ്രതീക്ഷിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കാം.
കടലേറ്റം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറിത്താമസിക്കണം. മലയോരത്തുള്ളവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.