പ്രവാസിയായിരുന്ന മുഹമ്മദ് അഷ്റഫ് കുടുംബത്തോടൊപ്പം കഴിയാൻ തിരിച്ചെത്തിയത് മൂന്നുവര്‍ഷം മുൻപ്; കുടുംബം അപകടത്തില്‍പ്പെട്ടത് മകളെ പ്ലസ്വണ്ണിന് ചേര്‍ക്കാനായി പോകുംവഴി; സങ്കടക്കടലായി മാറി മഞ്ചേരി
മഞ്ചേരി: പ്രതീക്ഷിതമായി നടന്ന അപകടത്തില്‍ ഒരു കുടുംബത്തിലെ മൂണുജീവനുകള് പൊലിഞ്ഞത് ഇപ്പോഴും ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല.
മണ്ണിങ്ങച്ചാലില്‍ മുഹമ്മദ് അഷ്റഫും ഭാര്യ സാജിത, മകള്‍ ഫാത്തിമ ഫിദ എന്നിവരുമാന് അപകടത്തില്‍ മരിച്ചത്. വാർത്ത കേട്ടതോടെ അഷ്റഫിന്റെ അക്കരമ്മല്‍ വീട്ടിലേക്ക് ആളുകള്‍ കൂട്ടമായെത്തി. ഉറ്റവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍കോളേജില്‍ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയതറിഞ്ഞ അവർ വീട്ടില്‍ പരേതർക്കുവേണ്ടിയുള്ള പ്രാർഥനയില്‍ മുഴുകി.
രാവിലെ പതിനൊന്നരയോടെയാണ് അഷ്റഫും സാജിതയും രണ്ടാമത്തെ മകള്‍ ഫാത്തിമ ഫിദയെ മലപ്പുറം ഗവ. ഗേള്‍സ് ഹയർസെക്കൻഡറി സ്കൂളില്‍ പ്ലസ്വണ്ണിന് ചേർക്കാനായി വീട്ടില്‍നിന്നു പുറപ്പെട്ടത്. സ്കൂളിലെത്താൻ ഏതാനും കിലോമീറ്ററുകള്‍ മാത്രം ശേഷിക്കേയാണ് ഓട്ടോ നിയന്ത്രണംവിട്ട് എതിരേവന്ന ബസിലിടിച്ച് മൂന്നുപേരുടെയും ജീവൻ പൊലിഞ്ഞത്. മഹ്മിദ ഷെറിൻ, ഫാത്തിമ ഫൈഹ, മുഹമ്മദ് അഷ്ഫഖ് എന്നീ മൂന്നു മക്കളെയും അക്കരമ്മല്‍ വീട്ടില്‍ തനിച്ചാക്കിയാണ് മൂവരും യാത്രയായത്.
ഏറെക്കാലം പ്രവാസിയായിരുന്ന മുഹമ്മദ് അഷ്റഫ് ശിഷ്ടകാലം ഭാര്യക്കും മക്കള്‍ക്കുമൊപ്പം കഴിയാൻ മൂന്നുവർഷം മുൻപാണ് തിരിച്ചെത്തിയത്. നാട്ടില്‍ ചെറിയ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തായിരുന്നു ജീവിതം. മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നായിരുന്നു ഈ രക്ഷിതാക്കളുടെ ആഗ്രഹം. എല്ലാ പ്രതീക്ഷകളും കീഴ്മേല്‍മറിച്ച് ഇവർ യാത്രയാകുമ്ബോള്‍ അവശേഷിക്കുന്ന മൂന്നു മക്കള്‍ അനാഥരാകുകയാണ്. അഷ്റഫിന്റെ എഴുപതുവയസ്സായ ഉമ്മയും മൂന്നു സഹോദരിമാരും മാത്രമാണ് അവരുടെ ആശ്രയം.
അഷ്റഫ് കഴിഞ്ഞദിവസം കുടുംബസമേതം മൂന്നാറിലേക്ക് ഉല്ലാസയാത്രയ്ക്ക് പോയിരുന്നു. ഫിദയെ പ്ലസ്വണ്ണിന് ചേർക്കാനുള്ളതിനാല് വ്യാഴാഴ്ച അതിരാവിലെ എല്ലാവരും വീട്ടില്‍ മടങ്ങിയെത്തി. അല്‍പ്പം വിശ്രമിച്ചശേഷമാണ് ഫിദയെയും കൂട്ടി സ്വന്തം ഓട്ടോറിക്ഷയില്‍ അഷ്റഫും സാജിതയും മലപ്പുറത്തേക്കു പുറപ്പെട്ടത്. മൂത്ത മകള്‍ മഹ്മിദ ഷെറിൻ പരീക്ഷയ്ക്ക് മോങ്ങം അൻവാർ കോളേജിലേക്ക് പരീക്ഷയെഴുതാൻ പോയി. ഇളയവള്‍ ഫാത്തിമ ഫൈഹയെയും മുഹമ്മദ് അഷ്ഫഖിനെയും ഉമ്മ ഫാത്തിമയെ ഏല്‍പ്പിച്ചാണ് മൂവരും ഓട്ടോയില്‍ യാത്രതിരിച്ചത്.
യാത്രാക്ഷീണത്താല്‍ ഫൈഹയും അഷ്ഫഖും സ്കൂളില്‍ പോകാതെ വീട്ടില്‍ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന് ഏറെനേരം കഴിഞ്ഞിട്ടും ഉമ്മയും ഉപ്പയും താത്തയും മടങ്ങിവരാതായതോടെ ഇരുവരും വാവിട്ടുകരയാൻ തുടങ്ങി. പരീക്ഷ കഴിഞ്ഞെത്തിയ ഷെറിൻ വീടിനുമുൻപില് ആള്‍ക്കൂട്ടം കണ്ടതോടെ പരിഭ്രാന്തിയിലായി. തലേന്ന് മൂന്നാറില്‍ ആടിയും പാടിയും തങ്ങള്‍ക്കു താങ്ങായി നടന്ന മാതാപിതാക്കളും സഹോദരിയും ഇനി മടങ്ങിവരില്ലെന്നു തിരിച്ചറിഞ്ഞതോടെ ഇവർ പരസ്പരം കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.
മേല്‍മുറി അപകടത്തില്‍ മരിച്ച പുല്‍പ്പറ്റ ഒളമതില്‍ സ്വദേശികളുടെ മൃതദേഹം സമയത്തിന് പോസ്റ്റുമോർട്ടംചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാൻ സാധിച്ചില്ല. പോലീസിന്റെ ജാഗ്രതക്കുറവുമൂലമാണിതെന്ന് ആരോപണമുയർന്നു.
ബസില്‍ യാത്രക്കാരുണ്ടായിരുന്നില്ല. സെൻസർ, ലൈറ്റ് എന്നിവയുടെ അറ്റകുറ്റപ്പണിക്കായി 11.40-ന് പെരിന്തല്‍മണ്ണ ഡിപ്പോയില്‍നിന്ന് പുറപ്പെട്ടതായിരുന്നു വണ്ടി. വള്ളുവമ്ബ്രത്തുള്ള ടി.വി.എസ്. ഷോറൂമിലേക്കാണ് അറ്റകുറ്റപ്പണിക്കായി പുറപ്പെട്ടത്. മണികണ്ഠൻ മാത്രമായിരുന്നു ബസില്‍. ഒന്നുകില്‍ ഓട്ടോറിക്ഷ ഓടിച്ചയാളുടെ നിയന്ത്രണം വിട്ടു, അല്ലെങ്കില്‍ ബസ് കാണാതെ അവർ എതിർദിശയിലേക്ക് തിരിച്ചു. ഇതാണ് അപകടത്തിനു കാരണമെന്ന് മണികണ്ഠൻ പറഞ്ഞു. ഉടനെ ബസില്‍നിന്ന് ചാടിയിറങ്ങി അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. മൂന്നുപേരും ഓട്ടോറിക്ഷയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്.