കഞ്ചാവും എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായത് റീടെയിൽ ഏജന്റുമാർക്ക് ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘം
കണ്ണൂർ: കണ്ണൂർ നഗരത്തിലെ ലോഡ്ജുകളിൽ മുറിയെടുത്ത് താമസിച്ച് ചില്ലറ വിൽപ്പനക്കാർക്ക് കഞ്ചാവും മയക്കുമരുന്നും എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. വളപട്ടണം, മന്നയിലെ സി. ഷെസിൻ (21), അഴീക്കോട്, കടപ്പുറം റോഡിലെ പി.പി ഫർസിൽ(20), വളപട്ടണം പള്ളിക്കുന്നുമ്പ്രം റോഡിലെ എം. മുഹമ്മദ് സിനാൻ(21) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ടോണി ജെ മറ്റവും സംഘവും പിടികൂടിയത്. സംഘത്തിൽ നിന്ന് 5.60 എം.ഡി.എം.എയും 3.72 ഗ്രാം കഞ്ചാവും മൂന്ന് മൊബൈൽ ഫോണുകളും കണ്ടെടുത്തു. വെള്ളിയാഴ്ച സന്ധ്യയോടെ ഫോർട്ട്റോഡിലെ ലോഡ്മിൽ വെച്ചാണ് സംഘം അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് സംഘം ലോഡ്ജിൽ റെയ്തിനെത്തിയത്. കണ്ണൂരിലേക്ക് മയക്കുമരുന്ന് എത്തിച്ച് വിവിധ കേന്ദ്രങ്ങളിലുള്ള ചില്ലറ വിൽപ്പനക്കാർക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘമാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.