ഓട്ടോമാറ്റിക് ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മൃതദേഹം കാണാനെത്തി; മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം: ഓട്ടോമാറ്റിക് ഗേറ്റിൽ കുടുങ്ങി മരിച്ച മുഹമ്മദ് സിനാന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു. ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ആണ് മരിച്ചത്. ആസിയയുടെ മൂത്ത മകൻ അബ്ദുൾ ഗഫൂറിന്റെ മകനാണ് സിനാൻ.
ഇന്നലെ വൈകിട്ട് നിസ്കരിക്കാനെന്ന് പറഞ്ഞു പള്ളിയിലേക്ക് പോയ സിനാനെ അയൽവാസിയായ ബന്ധുവിന്റെ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. കുട്ടിയുടെ മൃതദേഹം കാണണമെന്ന് ആസിയ ആവശ്യപ്പെടുകയായിരുന്നു. മൃതദേഹം കാണാൻ പോകുന്നതിനിടയിൽ ആസിയയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരൂർ എ.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് സിനാൻ. സജില ആണ് മാതാവ്. സിനാന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.