ഗര്‍ഭിണിയായ ഭാര്യയെക്കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ ലഹരിക്കടിമയായ അയല്‍വാസി വെട്ടിക്കൊന്നു
കട്ടപ്പന: ഇടുക്കിയില്‍ ഭാര്യവീട്ടിലെത്തിയ യുവാവിനെ ലഹരിക്കടിമയായ മാധ്യവയസ്കൻ വെട്ടിക്കൊലപ്പെടുത്തി. കാക്കാട്ടുകട കളപ്പുരയ്ക്കല്‍ സുബിൻ സുബിൻ ഫ്രാൻസിസ്(35) ആണ് മരിച്ചത്.
സംഭവത്തില്‍ സുവർണഗിരി വെണ്മാന്തറ ബാബുവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവർണഗിരി ഭജനമഠത്താണ് സംഭവം നടന്നത്. ഗർഭിണിയായ ഭാര്യ ലിബിയയെ കാണാൻ ഭാര്യവീട്ടിലെത്തിയതായിരുന്നു സുബിൻ. സമീപത്തെ വീട്ടില്‍ താമസിക്കുന്ന ബാബു അക്രമകാരിയും ലഹരിക്കടിമയുമാണ്. വാക്കുതർക്കത്തിനൊടുവില്‍ ബാബു കോടാലി ഉപയോഗിച്ച് സുബിനെ മാരകമായി ശരീരമാസകലം വെട്ടുകയായിരുന്നു. ഉടനെ നാട്ടുകാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സുബിനെ വെട്ടിയശേഷം ബാബു വീടിനുള്ളില്‍ ഒളിച്ചു. പിടികൂടാൻ എത്തിയ പോലീസിനെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചു. ഇയാളെ കീഴ്പ്പെടുത്തുന്നതിനിടെ എസ്ഐ ഉദയകുമാറിൻ്റെ കൈക്കും പരിക്കേറ്റു.
ലിബിയയാണ് സുബിൻ്റെ ഭാര്യ. ഏകമകള്‍: എസ്സ.