കുവൈത്തിലെ തീപിടിത്തം; 41 മരണം,നിരവധിപേർ ഗുരുതരാവസ്ഥയിൽ
കുവൈത്ത് സിറ്റി| കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 41 പേര് മരിച്ചു. പരുക്കേറ്റവരെ അദാന്‍, ജാബിര്‍, ഫര്‍വാനിയ എന്നിവിടങ്ങളിലെ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കുവൈത്തിലെ മംഗഫ് ബ്ലോക്ക് നാലിലെ, കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.
പുലര്‍ച്ചെ നാലോടെയുണ്ടായ തീ കെട്ടിടത്തില്‍ ആളിപ്പടരുകയായിരുന്നു. മലയാളികള്‍ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പില്‍ താമസിക്കുന്നത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു തീപ്പിടിത്തം.
തീ ആളിപ്പടര്‍ന്നതോടെ പലരും രക്ഷപ്പെടാനായി കെട്ടിടത്തിലെ ജനല്‍ വഴി താഴേക്ക് ചാടുകയായിരുന്നു. ഇവരില്‍ പലരും മരിക്കുകയും ചിലര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരുടെ ചികിത്സക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ട്.
#Kuwait Mangaf Fire: Initial causes indicate poor storage on the ground floor and the presence of many gas cylinders, Firefighters, MOI and MOH to assess the deaths and injuries.. #الكويت pic.twitter.com/LNCpkhZdae
— Ayman Mat News (@AymanMatNews) June 12, 2024