സീതാംഗോളി കിൻഫ്ര വ്യവസായ പാർകിലെ ഗോഡൗണിൽ നിന്നും എട്ട് ലക്ഷം രൂപ വില വരുന്ന ചെരുപ്പുകളും ലാപ്ടോപും കടത്തികൊണ്ടു പോയ കേസ്;ഒരാൾ അറസ്റ്റിൽ
ബദിയടുക്ക: സീതാംഗോളി കിൻഫ്ര വ്യവസായ പാർകിലെ ചെരുപ്പ് ഗോഡൗണിൽനിന്നും എട്ട് ലക്ഷം രൂപ വില വരുന്ന ചെരുപ്പുകളും ലാപ്ടോപും കടത്തികൊണ്ടു പോയ കേസിൽ ഒരാൾ അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ആശിഖിനെ (27) ആണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് 22ന് രാത്രിയിലാണ് കിൻഫ്രയിലെ വെൽഫിറ്റ് ചപ്പൽസ് നിർമാണ കംപനിയുടെ ഗോഡൗണിൽനിന്ന് 8.09 ലക്ഷം രൂപയുടെ ചെരുപ്പുകളും ലാപ്ടോപും കവർന്നത്. സ്ഥാപനത്തിന്റെ പാർട്ണറായ എടനാട് കോടിമൂലയിലെ നസീറാണ് പൊലീസിൽ പരാതി നൽകിയത്. ബദിയടുക്ക പൊലീസെത്തി അന്വേഷണം നടത്തിയിരുന്നു.
ഇതിനിടെ നസീറിൻ്റെ ബന്ധുക്കളും സഹോദരങ്ങളുമായ അബ്ബാസും ഹമീദും ഹമീദിന്റെ അമ്മാവൻ മുഹമ്മദ്, മകൻ ഹനീഫ്, മറ്റു ബന്ധുക്കൾ എന്നിവരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കാസർകോട് നഗരത്തിലെ തെരുവ് കച്ചവടക്കാരിൽനിന്ന് വിൽപനയ്ക്ക് വെച്ച ചെരുപ്പ് കണ്ടെത്തുകയും പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇതിനിടെ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പ്രതികളുണ്ടെന്ന് മനസ്സിലാവുകയും ആശിഖിന്റെ അറസ്റ്റിലേക്ക് നയിച്ചതും. ഒരു ലക്ഷം രൂപയോളം വിലയുള്ള മൂന്ന് ചാക്ക് ചെരുപ്പുകൾ 30,000 രൂപയ്ക്ക് ലഭിച്ചപ്പോൾ വാങ്ങുകയായിരുന്നുവെന്നാണ് ആശിഖ് മൊഴി നൽകിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ പേർ ഉൾപെട്ടിരിക്കാമെന്നാണ് പൊലീസിൻ്റെ സംശയം. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.