ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി, യുവാവ് പിടിയിൽ
കൊല്ലം: സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശിയായ യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര, മാരായമുട്ടം, കാലിവിളാകത്ത് രാഹുൽ ഭവനിൽ ഗോകുലിനെ(23)യാണ് അറസ്റ്റ് ചെയ്തത്.
രണ്ടുമാസംമുൻപ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഗോകുൽ വാട്സാപ്പിലൂടെ ചാറ്റ് ചെയ്യുന്നതും ഫോൺ വിളിക്കുന്നതും പതിവായി. തുടർന്ന് പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെടുകയും കഴിഞ്ഞ ദിവസം രാവിലെ സ്കൂളിനു സമീപത്തെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പെൺകുട്ടി സ്കൂളിൽ എത്തിയില്ലെന്ന് അധ്യാപകർ രക്ഷാകർത്താക്കളെ ഫോണിൽവിളിച്ച് അറിയിച്ചു. വീട്ടുകാർ കുട്ടിയെ കണാനില്ലെന്ന് പോലീസിൽ പരാതി നൽകി.
പോലീസും നാട്ടുകാരും പ്രദേശമാകെ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ നാലുമണിയോടെ സ്കൂൾ വിടുന്ന സമയത്ത് കുട്ടി മടങ്ങിയെത്തി. കുട്ടിയെ ചോദ്യംചെയ്തതിൽനിന്ന് ഗോകുലിനെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഗോകുലിനെ റിമാൻഡ് ചെയ്തു.