‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’;കാര്‍ കുളമാക്കിയ യുട്യൂബറുടെ കാറിന്റെ ആര്.സി റദ്ദാക്കിയത് ഒരുവര്‍ഷത്തേക്ക്
കാറില്‍ കുളമൊരുക്കിയ സംഭവത്തില്‍ യു ട്യൂബര്‍ ടി.എസ്. സജുവിന്റെ കാറിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പ് (എം.വി.ഡി.) ഒരു വര്‍ഷത്തേക്കു റദ്ദാക്കി. ആലപ്പുഴ ആര്.ടി.ഒ. എ.കെ. ദിലുവാണ് നടപടിയെടുത്തത്. വാഹനം സജു തന്നെ സൂക്ഷിക്കണം. പുറത്തിറക്കാന്‍ പാടില്ല. അറ്റകുറ്റപ്പണി വേണ്ടിവന്നാല്‍ നന്നാക്കുന്നതിന് എം.വി.ഡി.യുടെ അനുമതി വാങ്ങണം.
ശിക്ഷാനടപടിയുടെ ഭാഗമായി എടപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍ നടത്തിയ പരിശീലനത്തില്‍ സജുവിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇതു പരിഗണിച്ചാണ് ആര്.സി. റദ്ദാക്കുന്നത് ഒരു വര്‍ഷത്തേക്കു ചുരുക്കിയതെന്ന് ആര്.ടി.ഒ. പറഞ്ഞു. ഇക്കാലയളവില്‍ ഉടമയും വാഹനവും നിരീക്ഷണത്തിലായിരിക്കും.
ഇയാളും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സന്നദ്ധസേവനം തുടരുകയാണ്. അപകടത്തില്‍പ്പെട്ടു കഴിയുന്നവര്‍ക്കായി 15 ദിവസത്തെ സേവനമാണ് ചെയ്യേണ്ടത്. സജുവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാകും.
വീഡിയോ ചിത്രീകരിക്കുന്നതിനായി ടാറ്റ സഫാരി കാറില്‍ സ്വിമ്മിങ് പൂള് ഒരുക്കിയതിനും അതുമായി റോഡിലിറങ്ങിയതിനുമാണ് സഞ്ജു ടെക്കിക്കെതിരേ നടപടി സ്വീകരിച്ചത്. സഞ്ജു ടെക്കിക്ക് പുറമെ, സുഹൃത്ത് സൂര്യനാരായണനും എതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. കാറിന്റെ രജിസ്ട്രേഷന് റദ്ദാക്കുകയും സഞ്ജുവിനെതിരേ ആറു വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.
സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്നായിരുന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാര് പ്രതികരിച്ചത്. മുന്‍ യൂട്യൂബ് വീഡിയോകള്‍ പരിശോധിക്കും. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകളുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇനി ഇത്തരം പരിപാടികളുമായി റീച്ച് കൂട്ടാന്‍ വരാത്തവിധത്തിലുള്ള നടപടികള്‍ കൈക്കൊള്ളും. പണമുള്ളവന് കാറില്‍ സ്വിമ്മിങ് പൂള് പണിതല്ല നീന്തേണ്ടത്. വീട്ടില്‍ സ്വിമ്മിങ് പൂള് പണിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മോട്ടോര്‍ വാഹനവകുപ്പിന് നിയമപരമായി സ്വീകരിക്കാവുന്ന ഏറ്റവും വലിയ നടപടി തന്നെ യുട്യൂബര്‍ക്കെതിരേ എടുക്കുമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. സഞ്ജു ടെക്കിയുടെ നിയമലംഘനത്തെ ഹൈക്കോടതിയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേയെടുത്ത നടപടികളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതിനൊപ്പം വാഹനങ്ങളില്‍ മാറ്റം വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.