പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്, പരാതി ഇല്ലെന്ന് സത്യവാങ്മൂലം നൽകി പെൺകുട്ടി
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായ പെൺകുട്ടി തനിക്ക് പരാതിയില്ലെന്ന് സത്യവാങ്മൂലം നൽകി. ഹൈക്കോടതിയിലാണ് പെൺകുട്ടി സത്യവാങ്മൂലം നൽകിയത്. വീട്ടുകാർ പറഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും യുവതി ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് രാഹുൽ പി.ഗോപാൽ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞത് കളവാണെന്നും ആരോപണം ഉന്നയിച്ചതിൽ കുറ്റബോധമുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി ഇന്നലെയാണ് നവവധു രംഗത്തെത്തിയത്. ആരോപണങ്ങളിൽ ക്ഷമാപണവും നടത്തി. മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതെന്നും സ്വന്തം യൂട്യൂബ് ചാനലിലൂടെ യുവതി വെളിപ്പെടുത്തി. ഭർത്താവ് ബെൽറ്റുകൊണ്ട് മർദ്ദിച്ചുവെന്നും ചാർജർ കേബിൾ വച്ച് കഴുത്തുമുറുക്കിയെന്ന് പറഞ്ഞതുമെല്ലാം തെറ്റാണ്. സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണവും നിഷേധിച്ചു.
കഴിഞ്ഞ മൂന്നിന് തിരുവനന്തപുരത്തെ ഐ.ടി കമ്പനിയിൽ ജോലിക്കുപോയ യുവതി കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ല. മകളെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകാനിരിക്കെയാണ് ഇന്നലെ ക്ഷമചോദിച്ച് വീഡിയോ ഇട്ടത്. ഇതിനുപിന്നാലെ, യുവതിയെ കാണാനില്ലെന്നുകാട്ടി മാതാപിതാക്കൾ പറവൂർ വടക്കേക്കര പൊലീസിൽ പരാതി നൽകി.
സിവിൽ പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ പ്രതിയായ കേസിലാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇതോടെ കേസന്വേഷണം പ്രതിസന്ധിയിലായി. കോടതിയിൽ യുവതിയുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. പൊലീസ് പ്രതിക്കൊപ്പം നിന്നെന്ന ആരോപണം ഉയർന്ന കേസ് കൂടിയാണിത്. രാഹുലിന്റെ അമ്മ, ഉഷാകുമാരി, സഹോദരി കാർത്തിക, പന്തീരാങ്കാവ് സ്റ്റേഷനിലെ ശരത്ത് ലാൽ, രാജേഷ് മാങ്കവ് എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു. ജർമ്മനിയിലേക്ക് കടന്ന രാഹുലിനെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെളിപ്പെടുത്തൽ. കേസിൽ അലംഭാവം കാട്ടിയെന്ന പേരിൽ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എ.എസ്.സരിനെ സസ്പെൻഡ് ചെയ്തിരുന്നു. മേയ് അഞ്ചിനായിരുന്നു യുവതിയുടെ വിവാഹം.