കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു
മലപ്പുറം: തിരൂർ പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലപ്പുറം കൈമലശ്ശേരി കുട്ടമ്മാക്കൽ സ്വദേശി നെടുവഞ്ചേരി വീട്ടിൽ മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. യുവാവ് ഓടിച്ചിരുന്ന ബൈക്ക് ഒരു കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് തൃശൂരിലും സമാനമായ അപകടത്തിൽ ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു. പാവറട്ടി പൂവ്വത്തൂര്‍ – പറപ്പൂര് റൂട്ടിലുണ്ടായ വാഹനാപകടത്തിലാണ് സ്കൂട്ടര്‍ യാത്രികനായ 19 വയസുകാരന് മരിച്ചത്. പൂവ്വത്തൂര്‍ സ്വദേശി രായംമരയ്ക്കാര്‍ മുഹമ്മദ് സഫറാണ് മരിച്ചത്. സഫര്‍ ഓടിച്ച സ്കൂട്ടര്‍ റോഡിലെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു. ആക്ട്സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. ബസുമായുണ്ടായ കൂട്ടിയിടിയുടെ ആഘാതത്തിൽ സ്കൂട്ടര്‍ പൂര്‍ണമായും തകരുകയും ചെയ്തു.