പെൻഡ്രൈവ് ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് ഹാസനിലെ ബി.ജെ.പി. നേതാവ് ദേവരാജ് ഗൗഡക്ക് കൈ മാറിയതോടെയാണ് പ്രചരിച്ചത് .അശ്ലീല വീഡിയോക്ലിപ്പുകള്‍ ചോര്‍ത്തിയതിന് പ്രജ്ജ്വല്‍ രേവണ്ണയുടെ മുൻ ഡ്രൈവര്‍ അറസ്റ്റില്‍
ബെംഗളൂരു: ഹാസൻ മുൻ എം.പി. പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീലവീഡിയോ കേസില്‍ മുൻ ഡ്രൈവർ കാർത്തിക് ഗൗഡയെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റുചെയ്തു. അശ്ലീല വീഡിയോക്ലിപ്പുകള്‍ ചോർത്തിയതിനാണ് അറസ്റ്റ്.
ഇയാളുടെ മുൻകൂർ ജാമ്യഹർജി ഹാസൻകോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ദേശീയപാതയിലെ ഹാസൻ-മൈസൂരു ജില്ലാ അതിർത്തിയില്‍നിന്ന് അറസ്റ്റ് ചെയ്ത കാർത്തിക് ഗൗഡയെ ബെംഗളൂരു സി.ഐ.ഡി. ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു.
പ്രജ്ജ്വല്‍ രേവ,ണ്ണയുടെ ഡ്രൈവറായി ഏതാനും വർഷം ജോലിചെയ്ത കാർത്തിക് പിന്നീട് പ്രജ്ജ്വലുമായി തെറ്റിപ്പിരിഞ്ഞു. ഹൊളെ നരസിപുരയില്‍ കാർത്തിക്കിനുണ്ടായിരുന്ന ഭൂമിയുമായി ബന്ധപ്പെട്ട് പ്രജ്ജ്വലുമായുണ്ടായ തർക്കമാണ് കാരണം. ഭൂമി കൈമാറാനായി പ്രജ്ജ്വലും അമ്മ ഭവാനി രേവണ്ണയും സമ്മർദം ചെലുത്തുന്നുണ്ടെന്ന് കഴിഞ്ഞ ഡിസംബറില്‍ കാർത്തിക് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പ്രജ്ജ്വലിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്താനാണ് വീഡിയോ ക്ലിപ്പുകള്‍ പെൻഡ്രൈവിലേക്ക് ചോർത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. പെൻഡ്രൈവ് കാർത്തിക് ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്ബ് ഹാസനിലെ ബി.ജെ.പി. നേതാവ് ദേവരാജ് ഗൗഡക്ക് കൈമാറിയതായി പറയുന്നു. തുടർന്നാണ് വീഡിയോകള്‍ ഹാസനിലും പുറത്തും പ്രചരിച്ചത്. വീഡിയോകള്‍ പ്രചരിപ്പിച്ചതിന് കാർത്തിക്കിന്റെയും മറ്റ് നാലാളുകളുടെയും പേരില്‍ പോലീസ് ഏപ്രിലില്‍ കേസെടുത്തിരുന്നു. ഇതില്‍ നവീൻ ഗൗഡ, ചേതൻ ഗൗഡ എന്നിവരെ നേരത്തേ അറസ്റ്റു ചെയ്തു.
മുൻ ഹൊളെനരസിപുര നഗരസഭാധ്യക്ഷൻ പുട്ടരാജു, കോണ്‍ഗ്രസിന്റെ മുൻ ഹാസൻ എം.എല്‍.എ. പ്രീതം ഗൗഡയുടെ അനുയായി ശരത് എന്നിവരെ പിടികൂടാനുണ്ട്.
ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രജ്ജ്വല്‍ രേവണ്ണയെ എസ്.ഐ.ടി. ഞായറാഴ്ചയും ചോദ്യം ചെയ്തു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. എസ്.ഐ.ടി. കസ്റ്റഡി കാലാവധി തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്.