‘ആരാധനാലയങ്ങള്‍ ബോംബിട്ട് തകര്‍ക്കും’, പ്രമാദമായ കൊലക്കേസില്‍ വെറുതെ വിട്ട പ്രതിയുടെ പേരില്‍ ഭീഷണി സന്ദേശം; താൻ എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്നും ഇങ്ങനെ എഴുതാനുള്ള വിദ്യാഭ്യാസം എനിക്കില്ലെന്നും യുവാവ്; പൊലീസ് അന്വേഷണം തുടങ്ങി
കാസർകോട്: ആരാധനാലയങ്ങള്‍ ബോംബിട്ട് തകർക്കുമെന്ന രീതിയില്‍, പ്രമാദമായ കൊലക്കേസില്‍ വെറുതെ വിട്ട പ്രതിയുടെ പേരില്‍ ഭീഷണി സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
സംഭവത്തെ തുടർന്ന് യുവാവിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഇയാളുടെ സാമൂഹ്യ മാധ്യമ അകൗണ്ടുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. അന്വേഷണത്തില്‍ യുവാവിന്റെ അകൗണ്ടില്‍ നിന്ന് ഇത്തരമൊരു കമന്റ് പോസ്റ്റ് ചെയ്തിട്ടില്ലെന്നും വിശദമായ പരിശോധന നടത്തിയതിനുശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് പോലീസ് നിലപാട് .
കഴിഞ്ഞ രണ്ട് ദിവസമായി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കമന്റെന്ന രീതിയില്‍ സ്ക്രീൻ ഷോർട് വാട്സ്ആപ് ഗ്രൂപുകളിലും മറ്റും വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. താൻ എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്നും അങ്ങനയൊരു കമന്റ് ഇട്ടിട്ടില്ലെന്നും അതിനുള്ള വിദ്യാഭ്യാസം തനിക്ക് ഇല്ല എന്നുമാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയത്. ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സുഹൃത്തുക്കള്‍ക്ക് മാത്രം കാണുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
അകൗണ്ട് പൊലീസ് പരിശോധിച്ചപ്പോള്‍ ഇത്തരമൊരു കമന്റ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരുന്നുണ്ട്. സംഭവത്തില്‍ കേസെടുക്കാൻ തന്നെയാണ് പൊലീസിന്റ തീരുമാനം. യുവാവ് പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ യുവാവിനെതിരെയും, ഇയാളുടെ പേരില്‍ വ്യാജപ്രചാരണമാണ് നടത്തിയതെങ്കില്‍ അവർക്കെതിരെയും കേസെടുക്കുമെന്നാണ് പൊലീസ് നല്കുന്ന സൂചന. ഈ യുവാവിനെ അടക്കം മൂന്ന് പേരെ പ്രമാദമായ കൊലക്കേസില്‍ വെറുതെ വിട്ട നടപടിക്കെതിരെ സർകാരും വാദിഭാഗവും ഹൈകോടതിയില്‍ അപീല്‍ നല്‍കിയിട്ടുണ്ട്.