കാനഡയില്‍ പഞ്ചാബ് സ്വദേശിയായ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; നാലുപേര്‍ കസ്റ്റഡിയില്‍
ഒട്ടാവ: പഞ്ചാബ് സ്വദേശിയായ യുവാവ് കാനഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ ലുധിയാന സ്വദേശിയായ യുവരാജ് ഗോയല്‍(28) ആണ് വെടിയേറ്റ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ സുറേയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാവിലെ 8.46-ഓടെയാണ് വെടിവെപ്പ് നടന്നതായി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ വെടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ യുവരാജിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മന്‍വീര്‍ ബസ്റാം(23), സാഹിബ് ബസ്ര(20), ഹര്‍കിരാത് ജൂട്ടി(23), കെയ്ലോണ്‍ ഫ്രാങ്കോയിസ്(20) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. കൊല്ലപ്പെട്ട യുവാവിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.
കാനഡയില്‍ സെയില്‍സ് എക്സിക്യൂട്ടിവായി ജോലിചെയ്യുന്ന യുവരാജിന് അടുത്തിടെയാണ് പി.ആര്. ലഭിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബി.കോം പൂര്‍ത്തിയാക്കിയശേഷം 2019-ല്‍ സ്റ്റുഡന്റ് വിസയിലാണ് യുവരാജ് കാനഡയിലെത്തിയത്.