ക്രിക്കറ്റ് താരത്തിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ, ഫോൺ വിളിച്ചതും കാസർകോട്ട് വച്ച് മർദ്ദിച്ചത് ആരാണെന്നും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരണം ഇന്ന്
കാസർകോട്: കുമ്പള, നായ്ക്കാപ്പ് സ്വദേശിയും അറിയപ്പെടുന്ന ക്രിക്കറ്റ് താരവുമായ മഞ്ചുനാഥ നായകി(24)ന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ദുരൂഹതകൾ പുറത്തു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ഇന്നു വൈകുന്നേരം നായ്ക്കാപ്പിൽ ആക്ഷൻ കമ്മിറ്റി രൂപീകരണ യോഗം ചേരുമെന്ന് ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ അഞ്ചര മണിയോടെയാണ് മഞ്ചുനാഥിനെ വീട്ടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച കാസർകോട്ട് വെച്ച് ഒരു സംഘം ആൾക്കാർ മഞ്ചുനാഥിനെയും സുഹൃത്തുക്കളെയും മർദ്ദിച്ചതായി പറയുന്നുണ്ടെന്നും അവിടെ നിന്നു ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ആരാണ്. എന്തിനാണ് മർദ്ദിച്ചതെന്ന് കണ്ടെത്തണം. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതിനു ശേഷം 11.30 മണിയോടെ ഫോൺ വന്നു. ഫോണിൽ സംസാരിച്ചു കൊണ്ടാണ് മഞ്ചുനാഥ വീടിന് പുറത്തിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല. ആരാണ് ഫോൺ വിളിച്ചതെന്ന് കണ്ടെത്തണം. ഫോണിൽ ഭീഷണിപ്പെടുത്തിയതു കൊണ്ടാണോ മഞ്ചുനാഥ മരത്തിൽ ജീവനൊടുക്കിയതെന്നു അന്വേഷിക്കണം. ഇതിനായി വിശദമായ അന്വേഷണം വേണം-ബന്ധുക്കൾ പറഞ്ഞു. മഞ്ജുനാഥിന്റെ മരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.