ചരിത്രത്തിലാദ്യം; സ്വർണത്തിന് ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ, റെക്കോർഡ് ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില പവന് 1520രൂപയായി കുറഞ്ഞു. 52,560 രൂപയാണ് നിലവിലെ വില. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയും രൂപ കുറയുന്നത്. ഇതിന് മുമ്പ് ഗ്രാമിന് 150 രൂപ (പവന് 1200 രൂപ ) വരെ കുറഞ്ഞിട്ടുണ്ട്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 5,470 രൂപയിലെത്തി. വെള്ളി വിലയും ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞ് 96 രൂപയായി. കരുതൽ സ്വർണ ശേഖരത്തിലേക്ക് തുടർച്ചയായി 18 മാസം സ്വർണം വാങ്ങിക്കൂട്ടിയ ചൈന പൊടുന്നനെ വാങ്ങൽ അവസാനിപ്പിച്ചതും യുഎസിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുമാണ് സ്വർണവില കുറയാൻ കാരണം. യുഎസിൽ കഴിഞ്ഞ മാസം പുതിയതായി 2.72 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടു. 1.85 ലക്ഷം പുതിയ തൊഴിലുകളായിരുന്നു പ്രതീക്ഷിച്ചിരുന്നത്. രാജ്യാന്തര സ്വർണവില ഇതോടെ ഔൺസിന് 83 ഡോളർ ഇടിഞ്ഞ് 2,293 ഡോളറിലെത്തി. ഇത് ഇന്ത്യയിലും വില താഴാൻ കാരണമായി.
ഇന്നലെ ദേശീയ വിപണിയിൽ സ്വർണ വില പത്ത് ഗ്രാമിന് 1,200 കുറഞ്ഞ് 72,000 രൂപയിലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ മാസം ചൈന പൂർണമായും വാങ്ങൽ നടപടികൾ നിറുത്തിയെന്ന വാർത്തകളാണ് വിലയിൽ ഇടിവ് സൃഷ്ടിച്ചത്. അതേസമയം കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 240 രൂപ ഉയർന്ന് 54,080 രൂപയിലെത്തിയിരുന്നു.