തീയും പുകയും കണ്ടത് ബിനീഷിന്റെ അമ്മ പ്രാര്‍ഥിക്കാൻ എഴുന്നേറ്റപ്പോള്‍; നായ കുരയ്ക്കുന്നത് കേട്ട് അയല്‍വാസികള്‍ ഓടി വന്നു; അങ്കമാലിയില്‍ നാലുപേര്‍ അഗ്നിക്കിരയായതിനുകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സംശയം, വില്ലനായത് എസി ?
കൊച്ചി: അങ്കമാലിയിലെ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. അങ്കമാലി പറക്കുളത്ത് വ്യവസായിയായ ബിനീഷ് കുര്യന് (45), ഭാര്യ അനുമോള്‍ മാത്യു (40), ഇവരുടെ മക്കളായ ജൊവാന (8), ജസ്വിൻ (5) എന്നിവരാണ് അഗ്നിക്കിരയായത്.
തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ആണ് സംശയം. മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനയില്‍ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിദഗ്ധ പരിശോധന നടത്തിയ ശേഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് അങ്കമാലി എസിപി പ്രതികരിച്ചു.
രാവിലെ പ്രാർഥിക്കാനായി എഴുന്നേറ്റപ്പോഴാണ് അമ്മ വീടിന് മുകളില്‍ തീപിടിച്ചത് കണ്ടത്. പുലർച്ചെ 4 മണിയോടെയാണ് വീടിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് റോജി എം.ജോണ്‍ എംഎല്‍എ പറഞ്ഞു. വീടിന്റെ മുകളിലെ നിലയിലെ രണ്ടു മുറികള്‍ക്ക് മാത്രമാണ് തീപിടിച്ചത്. തീപിടിച്ചതു കണ്ട് വീടിനു താഴത്തെ മുറിയില്‍ കിടന്നിരുന്ന അമ്മയും ബിനീഷിന്റെ സഹായിയായ ഇതര സംസ്ഥാന തൊഴിലാളിയും എത്തിയാണ് തീയണയ്ക്കാൻ തുടങ്ങിയത്. വീടിന്റെ അടുത്തുനിന്ന് പൈപ്പിലും ബക്കറ്റിലുമെല്ലാം വെള്ളമെടുത്ത് തീയണയ്ക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ വലിയ രീതിയില്‍ തീപിടിച്ചതിനാല്‍ തീയണയ്ക്കാൻ സാധിച്ചില്ല. സംഭവ സ്ഥലത്തുനിന്ന് നായ കുരയ്ക്കുന്നത് കേട്ടതോടെയാണ് അയല്‍വാസികള്‍ ഓടി വന്നത്. പിന്നാലെ തീയണയ്ക്കാൻ ശ്രമം തുടങ്ങിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു.
പിന്നാലെ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. മുകളിലെ നിലയിലെ രണ്ടു മുറികളില്‍ മാത്രമേ തീപടർന്നിട്ടുള്ളു. ഷോർട്ട് സർക്യൂട്ടല്ല മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാവുകയുള്ളൂ. അല്പസമയത്തിന് ശേഷം ഫൊറൻസിക് സംഘമെത്തി പരിശോധന തുടങ്ങും.’-റോജി അറിയിച്ചു. നിലവില്‍ ബിനീഷിന് സാമ്ബത്തിക ബാധ്യതകളുള്ളതായി അറിയില്ലെന്നും ബിസിനസ് ആയതു കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് അന്വേഷിക്കണമെന്നും അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍ പറഞ്ഞു.
ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു ദമ്ബതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. ഈ മുറിയില്‍ മാത്രമാണ് തീപിടിത്തം ഉണ്ടായത്. മറ്റു മുറികളിലേക്കൊന്നും തീ പടര്‍ന്നിട്ടില്ല. ആധുനിക സൗകര്യങ്ങളോട് കൂടിയ വീടായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത വിരളമാണ്. അതേസമയം മുറിയില്‍ എയര്‍ കണ്ടീഷനര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ നിന്നും ഉണ്ടായ വാതകചോര്‍ച്ചയോ മറ്റോ ആണോ തീപിടിത്തത്തിന് കാരണമെന്നും പരിശോധിക്കും.
പുലര്‍ച്ചെ അഞ്ച് മണിക്ക് പത്രം എടുക്കാന്‍ പോയ പ്രദേശവാസിയാണ് വീടിന്റെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. ചില്ലുകള്‍ പൊട്ടിത്തറിക്കുന്ന ശബ്ദവും വീട്ടില്‍ നിന്നും നിലവിളിയും കേട്ടു. പിന്നാലെ അയല്‍വാസിയെ കൂടി കാര്യം അറിയിച്ച് ഇരുവരും വീട്ടിനകത്തേക്ക് കടന്നു. മുറിയുടെ ഡോര്‍ ചവിട്ടി തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുറിക്കുള്ളിലെ ആളുകള്‍ അബോധാവസ്ഥയില്‍ ആയതിനാലാവാം വാതില്‍ തുറക്കാനുള്ള ശ്രമം നടത്തിയിരുന്നില്ലെന്നും അയല്‍വാസി സംശയം പ്രകടിപ്പിച്ചു.
മരിച്ച നാല് പേരെ കൂടാതെ അമ്മയും ബിനീഷിന്റെ ജാതി കൃഷി നോക്കി നടത്തുന്ന അതിഥി തൊഴിലാളിയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ താഴത്തെ മുറിയിലാണ് കിടക്കുന്നത്. ബിനീഷിന് മറ്റ് സാമ്ബത്തിക പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.