എയര്‍ ഇന്ത്യയുടെ രാവിലെ പോകേണ്ട വിമാനം വൈകിട്ടേ പുറപ്പെടൂവെന്ന് അറിയിപ്പ്
കോഴിക്കോട്|കരിപ്പൂരില്‍ നിന്നും ദോഹയിലേക്കുള്ള വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധം. രാവിലെ 9.35ന് ദോഹയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. വൈകുന്നേരം 5.40നേ വിമാനം പുറപ്പെടൂവെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ യാത്രക്കാര്‍ പ്രതിഷേധം തുടരുകയാണ്.
അതേസമയം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കേണ്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കിയതിലും ഇന്ന് പ്രതിഷേധമുണ്ടായി. ദുബായില്‍ നിന്ന് പുലര്‍ച്ചെ കരിപ്പൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കൊച്ചിയില്‍ ഇറക്കിയത്.പുലര്‍ച്ചെ 2.15ന് എത്തിയ വിമാനത്തില്‍ യാത്രക്കാര്‍ ഇപ്പോഴും തുടരുകയാണ്.
തിരികെ കോഴിക്കോട്ട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വിമാനത്താവളത്തിലേക്ക് പോകണമെന്ന് വിമാന ജീവനക്കാര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടെങ്കിലും വിമാനത്തില്‍ നിന്ന് ഇറങ്ങില്ല എന്ന നിലപാടിലാണ് യാത്രക്കാര്‍.