ഇന്‍സ്റ്റഗ്രാംവഴി പരിചയം; 17-കാരിയെ പീഡിപ്പിച്ചു, ടാറ്റൂ ആര്‍ട്ടിസ്റ്റടക്കം നാലുപേര്‍ പിടിയില്‍
പുളിക്കീഴ്: ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട 17 വയസ്സുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ടാറ്റൂ ആര്‍ട്ടിസ്റ്റും സുഹൃത്തുക്കളും ഉൾപ്പെടെ നാലുപേർ പോലീസിന്റെ പിടിയിലായി. എറണാകുളത്തെ ബ്യൂട്ടി പാർലറിൽ ടാറ്റൂ ആർട്ടിസ്റ്റായ ചെങ്ങന്നൂർ വനവാതുക്കര സുജാലയത്തിൽ അഭിനവ് (19), പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകുന്നതിന് സഹായംചെയ്ത മണിമല ചേനപ്പാടി കാരക്കുന്നേൽ അനന്തു എസ്. നായർ (22), പള്ളിക്കുന്നിൽ സച്ചിൻ (24), വേലുപറമ്പിൽ അനീഷ് ടി.ബെന്നി (25) എന്നിവരാണ് പിടിയിലായത്.
ഒരുവർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഒന്നാം പ്രതിയായ അഭിനവിന്റെ വനവാതുക്കരയിലെ വീട്ടിലും, എരുമേലിയിലെ ബന്ധുവീടുകളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പലപ്പോഴായി പെൺകുട്ടിയുടെ 10 പവനോളം സ്വർണവും ഇയാൾ തട്ടിയെടുത്തു.
ബുധനാഴ്ച രാവിലെ മാന്നാറിൽനിന്ന് പെൺകുട്ടിയെ പ്രതികൾ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു. രാത്രി ഏറെ വൈകിയും പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയില്ല. രക്ഷിതാക്കൾ പുളിക്കീഴ് പോലീസിൽ പരാതി നൽകി. അഭിനവിന്റെ വനവാതുക്കരയിലെ വീട്ടിൽനിന്നാണ്, പെൺകുട്ടിയെയും അഭിനവിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യംചെയ്തതോടെ മറ്റ് മൂന്നുപേരേക്കുറിച്ചും വിവരം ലഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.