സി.പി.എം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രി. വെല്‍ഫയര്‍ സൊസൈറ്റിയിലെ തട്ടിപ്പ്; മുഖ്യപ്രതികള്‍ പിടിയില്‍
കാസർകോട്: സി.പി.എം. നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയർ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലെ മുഖ്യപ്രതികള്‍ അറസ്റ്റില്‍.
സഹകരണസംഘം സെക്രട്ടറി കർമന്തോടി ബാളക്കണ്ടത്തെ കെ. രതീശൻ (38), കണ്ണൂർ സിറ്റി ഉരുവച്ചാല്‍ സ്വദേശിയും പയ്യന്നൂരിലെ താമസക്കാരനുമായ എം. ജബ്ബാർ (51) എന്നിവരെയാണ് അന്വേഷണസംഘം തമിഴ്നാട് ഈറോഡിലെ ലോഡ്ജില്‍നിന്ന് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഒളിവില്‍പോയ ഇരുവരെയും മൂന്നാഴ്ചത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പിടിച്ചത്. ജബ്ബാർ സമാനമായ ഒട്ടേറെ തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
മേയ് 13-നാണ് തട്ടിപ്പ് സംബന്ധിച്ച് സംഘംഭരണസമിതി പോലീസില്‍ പരാതി നല്‍കിയത്. ഈ സമയം ഇരുവരും ബെംഗളൂരുവിലെ രഹസ്യകേന്ദ്രത്തിലായിരുന്നു. അതുവരെ നാട്ടിലെ പലരുമായും രതീശൻ ബന്ധപ്പെട്ടിരുന്നു. ഇത് മനസ്സിലാക്കിയ ആദൂർ പോലീസ് ബെംഗളൂരുവിലെത്തിയെങ്കിലും പ്രതികള്‍ വിദഗ്ധമായി രക്ഷപ്പെട്ടു. ശേഷം ചിക്കമഗളൂരു, ശിവമോഗ, സേലം, കോയമ്ബത്തൂർ, നാമക്കല്‍, ഈറോഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി പി. ബിജോയ് പറഞ്ഞു.
പ്രതികള്‍ വാട്സാപ്പ് മാത്രം ഉപയോഗിച്ചിരുന്നതിനാല്‍ ലൊക്കേഷൻ കണ്ടെത്തുന്നതും പിടിക്കുന്നതും തടസ്സമായിരുന്നു. എന്നാല്‍ പ്രതികള്‍ മാറിപ്പോകുന്ന സ്ഥലങ്ങള്‍ നിരീക്ഷിച്ചതോടെയാണ് പിടികൂടാനായതെന്നും എല്ലായിടത്തും ലോഡ്ജുകളിലാണ് താമസിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുവരെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാനും ചോദ്യംചെയ്യാനുമായി കസ്റ്റഡിയില്‍ വാങ്ങാൻ അപേക്ഷ നല്‍കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. ബേക്കല്‍ ഡിവൈ.എസ്.പി. ജയൻ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള സംഘത്തെയും നിയോഗിച്ചിരുന്നു. ആദൂർ ഇൻസ്പെക്ടർ പി.സി. സഞ്ജയ് കുമാർ, എസ്.ഐ. കെ. അനുരൂപ്, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ കെ. ഉത്തേശ്, ഹരീഷ് ബീംബുങ്കാല്‍, സുനില്‍ എബ്രഹാം, എം. നാരായണ എന്നിവരാണ് പ്രതികളെ പിടിച്ച സംഘത്തിലുണ്ടായത്.