ഭീകരവാദക്കേസിൽ ജയിലിൽ; സ്വതന്ത്രനായി മത്സരിച്ച് ‘എന്‍ജിനീയർ റാഷിദ്’ തോൽപ്പിച്ചത് ഒമർ അബ്ദുള്ളയെ
ശ്രീനഗര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ വിജയിച്ചത് ജയിലില്‍കിടന്ന് മത്സരിച്ച സ്വതന്ത്രസ്ഥാനാര്‍ഥി. ഭീകരവാദക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന ‘എന്‍ജിനീയര്‍ റാഷിദ്’ എന്ന അബ്ദുള്‍ റാഷിദ് ഷെയ്ഖാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ പരാജയപ്പെടുത്തി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒമര്‍ അബ്ദുള്ളക്കെതിരേ 2,04,142 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു റാഷിദിന്റെ വിജയം.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഒമര്‍ അബ്ദുള്ളയ്ക്ക് കനത്ത ആഘാതമായിരുന്നു ബാരാമുള്ളയിലെ തിരഞ്ഞെടുപ്പ് ഫലം. അവാമി ഇത്തിഹാദ് പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എ.യായ റാഷിദിന് പുറമേ, പി.ഡി.പി, പീപ്പിള്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥിയും ഒരുപിടി സ്വതന്ത്ര സ്ഥാനാര്‍ഥികളും ബാരാമുള്ളയില്‍ മത്സരിച്ചിരുന്നു. ഫലം പുറത്തറിഞ്ഞപ്പോള്‍ ജയിലില്‍കിടന്ന് മത്സരിച്ച അബ്ദുള്‍ റാഷിദ് ഷെയ്ഖിനായിരുന്നു ജയം. റാഷിദ് 4,72,481 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാമതായ ഒമര്‍ അബ്ദുള്ളയ്ക്ക് 2,68,339 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
കുപ് വാര ജില്ലയിലെ ലാന്ഗെയ്റ്റ് സ്വദേശിയായ റാഷിദിനെ 2019-ലാണ് തീവ്രവാദക്കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്തത്. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു എന്‍.ഐ.എ. റാഷിദിനെ പിടികൂടിയത്. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് റാഷിദ് ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
നേരത്തെ രണ്ടുതവണ ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് റാഷിദ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ ജയിലില്‍നിന്ന് മത്സരിച്ചതിനാല്‍ റാഷിദിന്റെ മക്കളാണ് തിരഞ്ഞെടുപ്പ് പ്രചരണം നയിച്ചത്. ‘ഹൈപ്രൊഫൈല്‍’ സ്ഥാനാര്‍ഥികള്‍ക്കെതിരേ റാഷിദിന്റെ മക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രചരണം വോട്ടുകളായി മാറിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇതിനൊപ്പം ജയിലില്‍ കഴിയുന്ന റാഷിദിനോടുള്ള സഹതാപവും വോട്ടായി മാറുകയായിരുന്നു.
ഫലപ്രഖ്യാപനത്തിന് പിന്നാലെ റാഷിദിന്റെ അനുയായികള്‍ ആഹ്ലാദപ്രകടനം നടത്തി. വോട്ട് നല്കി വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് അദ്ദേഹത്തിന്റെ സഹോദരനും നന്ദി അറിയിച്ചു. ഇത് തങ്ങളഉടെ വിജയമല്ലെന്നും ജനങ്ങളുടെ വിജയമാണെന്നും റാഷിദിന്റെ സഹോദരന് ഖുര്‍ഷിദ് ഷെയ്ഖ് പ്രതികരിച്ചു. എല്ലാവരോടും നന്ദിയുണ്ട്. പ്രത്യേകിച്ച് യുവാക്കളോടും സ്ത്രീകളോടും. പാര്‍ലമെന്റില്‍ ഇനി നല്ലരീതിയിലുള്ള പ്രാതിനിധ്യം ലഭിക്കുമെന്നാണ് ഒരു വോട്ടറെന്നനിലയില് തങ്ങളുടെ പ്രതീക്ഷ. റാഷിദിന്റെ മോചനം ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മാത്രം ആവശ്യമല്ല. അദ്ദേഹം ഇപ്പോള്‍ 17.5 ലക്ഷം വോട്ടര്‍മാരെ പ്രതിനിധീകരിക്കുന്നയാളാണ്. അതിനാല്‍ ജനങ്ങളുടെ വികാരങ്ങളും ആഗ്രഹങ്ങളും സര്‍ക്കാര്‍ മാനിക്കണമെന്നും റാഷിദിനെ വിട്ടയക്കണമെന്നും സഹോദരന് പറഞ്ഞു.
അതേസമയം, തോല്‍വി അംഗീകരിക്കുന്നതായും റാഷിദിനെ അഭിനന്ദിക്കുന്നതായും ഒമര്‍ അബ്ദുള്ളയും പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജയിലില്‍നിന്ന് മോചിതനാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.