ബൈക്കപകടത്തിൽ പരിക്കേറ്റ് ഒരു രാത്രി മുഴുവനും ഓടയിൽ കിടന്നു; 30കാരൻ മരിച്ച നിലയിൽ
കോട്ടയം: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത്തിത്താനം പീച്ചങ്കേരി സ്വദേശി ചേക്കേപ്പറമ്പിൽ സി ആർ വിഷ്ണുരാജാണ് (30) മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാവ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.പ്രദേശത്ത് വെളിച്ചമില്ലാതിരുന്നതിനാൽ അപകടം ആരുമറിഞ്ഞില്ലെന്നാണ് പൊലീസ് അറിയിച്ചത്.
ചാലുങ്കൽപടിക്കും തറയിൽപാലത്തിനും ഇടയിൽ പലചരക്കുകടയുടെ സമീപം ബൈക്ക് മറിഞ്ഞുകിടക്കുന്നത് കണ്ടതോടെയാണ് നടക്കാനിറങ്ങിയവർ പരിശോധന നടത്തിയത്. ഓടയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു വിഷ്ണുരാജിന്റെ മൃതദേഹം. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി പിആർഒ ആയിരുന്നു യുവാവ്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയായിരുന്നു അപകടം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.