‘എനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടിയാണ് വടകരയിലെ വിജയം’ -ഷാഫി പറമ്പില്‍
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ വടകരയില്‍ ഉയര്‍ന്ന എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടിയാണ് യു.ഡി.എഫ്. നേടിയ വിജയമെന്ന് ഷാഫി പറമ്പില്‍. വര്‍ഗീയത പറയാനും ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അതൊന്നും വടകരയില്‍ ഏശിയില്ല. വടകരയുടെ മതേതര മനസും രാഷ്ട്രീയ പ്രബുദ്ധതയുമാണ് വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിനെ തിരഞ്ഞെടുത്തതെന്നും ഷാഫി പറഞ്ഞു. പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.
ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ മെഴുകുതിരി കത്തിക്കുകയും പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്ത ശേഷം അദ്ദേഹത്തിന്റെ ചിത്രത്തില്‍ ഷാഫി മാല ചാര്‍ത്തി. നേതാവ് ഇപ്പോഴും ഉമ്മന്‍ചാണ്ടി തന്നെയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇന്നലെ അങ്ങനെയായിരുന്നു, ഇന്ന് അങ്ങനെയാണ്, നാളേയും അങ്ങനെ തന്നെയാകും, അതിലൊരു മാറ്റവുമുണ്ടാകില്ല എന്നായിരുന്നു ഷാഫിയുടെ മറുപടി.
‘വടകരയില്‍ കെ. മുരളീധരനായിരുന്നു മത്സരിച്ചിരുന്നതെങ്കില്‍ അദ്ദേഹം ഉറപ്പായും വിജയിക്കുമായിരുന്നു. പക്ഷേ അദ്ദേഹം പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ചു. പാര്‍ട്ടിക്കുവേണ്ടി പോരാടാനായി അദ്ദേഹം തൃശൂരിലേക്ക് പോയി. ആ പോരാട്ടത്തില്‍ ഒരുപക്ഷേ തൃശൂരില്‍ അദ്ദേഹം പരാജയപ്പെട്ടിട്ടുണ്ടാകാം. പക്ഷേ ആ തീരുമാനത്തിന്റെ ഗുണം വടകര ഉള്‍പ്പെടെയുള്ള ബാക്കിയെല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് ലഭിച്ചിട്ടുണ്ട്.’ -ഷാഫി പറമ്പില്‍ പറഞ്ഞു.