രാജ്മോഹൻ ഉണ്ണിത്താൻ ഇനി യുഡി എഫിന്റെ കണ്ണിലുണ്ണിച്ച
കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തിൽ യു ഡി എഫിന് ചരിത്ര വിജയം നേടിയ രാജ്മോഹൻ ഉണ്ണിത്താൻ അണികൾക്കിപ്പോൾ വെറും ഉണ്ണിച്ചയല്ല, കണ്ണനുണ്ണിച്ചയാണ്. വോട്ടെണ്ണൽ പുരോഗമിച്ചു കൊണ്ടിരിക്കെ വോട്ടെണ്ണൽ കേന്ദ്രമായ പെരിയ കേന്ദ്രസർവ്വകലാശാലയ്ക്കു മുന്നിൽ തടിച്ചു കൂടിയ യു ഡി എഫ് പ്രവർത്തകർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉണ്ണിത്താന് അഭിവാദ്യമർപ്പിച്ചുകൊണ്ടിരുന്നു. മണ്ഡലത്തിൽ ചരിത്ര ഭൂരിപക്ഷം നേടിയ യു ഡി എഫ് സ്ഥാനാർത്ഥി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി പി എമ്മിനെ തോൽപ്പിച്ചപ്പോൾ ഉണ്ണിച്ച എന്ന പേര് അണികൾ നൽകിയിരുന്നു. ഇത്തവണ ഭൂരിപക്ഷം ഒരു ലക്ഷം മറി കടന്നപ്പോൾ ആ പേര് അവർ തന്നെ സ്വയം മാറ്റി-കണ്ണനുണ്ണിച്ചു.
വിജയാഹ്ലാദ മുദ്രാവാക്യങ്ങൾ അങ്ങനെയായിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇറങ്ങി സർവ്വകലാശാലാ ഗേറ്റിനടുത്തെത്തിയ സ്ഥാനാർത്ഥിയെ പ്രവർത്തകർ വാരിയെടുത്തു തോളിലേറ്റി. മുസ്ലീംലീഗ് ജില്ലാ നേതാക്കന്മാർ നറുപുഷ്പങ്ങൾ കൊണ്ടുണ്ടാക്കിയ കൂറ്റൻ മാല അണിയിച്ചു ജേതാവിനെ വരവേറ്റു. തുറന്ന വാഹനത്തിൽ വോട്ടർമാർക്കു അനുമോദനം നൽകിയ സ്ഥാനാർത്ഥിയെ അവർ ഇരുചക്രവാഹനങ്ങളിൽ പിന്തുടർന്നു. ആഹ്ലാദ പ്രകടനത്തിൽ കോൺഗ്രസ് നേതാക്കന്മാരുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു. കെ പി കുഞ്ഞിക്കണ്ണൻ, ഡി സി സി ജനറൽ സെക്രട്ടറി ജെ എസ് സോമശേഖര. ജെ എസ് രാധാകൃഷ്ണ, വനിതാ ഭാരവാഹികൾ തുടങ്ങി അപൂർവ്വമാളുകൾ ആഹ്ലാദ പ്രകടനത്തിൽ അണിചേർന്നു. മുസ്ലീംലീഗിൽ നിന്ന് കല്ലട്ര മാഹിൻ ഹാജി. എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന്. എ കെ എം അഷ്റഫ്, പ്രാദേശിക നേതാക്കൾ, പ്രവർത്തകർ എന്നിവരടക്കം ലീഗ് പ്രാതിനിധ്യം ആഹ്ലാദ പ്രകടനത്തിൽ പ്രകടമായിരുന്നു.