കാസർകോട് പിടിച്ച് ഉണ്ണിച്ച; ഇടതു കോട്ട കോൺഗ്രസ് കെെകളിൽ
കാസർകോട്: ഇടത് കോട്ടയായിരുന്ന കാസര്‍കോട് മണ്ഡലത്തില്‍ 2019ല്‍ നേടിയ ജയം ഒറ്റത്തവണ സംഭവിക്കുന്ന അത്ഭുതമല്ലെന്ന് തെളിയിക്കുകയാണ് രണ്ടാമതും ജയിച്ച് കയറാൻ ഒരുങ്ങുന്ന രാജ്മോഹന്‍ ഉണ്ണിത്താന്. അരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം സമ്മാനിച്ചാണ് ഉണ്ണിച്ചയെ കാസര്കോടുകാര് വിജയതിലകം അണിയിക്കുന്നത്. അഞ്ച് വര്‍ഷവും കാസര്‍കോട് മണ്ഡലത്തില്‍ നിറഞ്ഞ് നിന്ന് പ്രവര്‍ത്തിച്ചതും എല്ലായിടത്തും ഓടിയെത്തിയതും ഉണ്ണിത്താന് തുണയായി.
ഇത്തവണ സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനെ രംഗത്തിറക്കിയിട്ടും ഇടത് മുന്നണിക്ക് കോട്ട തിരിച്ച് പിടിക്കാന്‍ കഴിഞ്ഞില്ല. അതിന് ഒരു പ്രധാന കാരണം ഉണ്ണിത്താന്റെ ജനപ്രീതി തന്നെയാണ്. ഒരു എംഎൽഎ പോലെ ഓടി നടന്നാണ് ഉണ്ണിത്താൻ പ്രവർത്തിച്ചത്. വന്ദേ ഭാരത് ആദ്യം തിരുവനന്തപുരം – കണ്ണൂർ റൂട്ടിലായിരുന്നു. ഇത് ഉണ്ണിത്താൻ ഇടപ്പെട്ടാണ് കാസർകോട് വരെയാക്കിയത്. കൂടാതെ മുസ്ലീം ലീംഗുമായി നല്ല അടുപ്പം അദ്ദേഹം പുലർത്തിയിരുന്നു. ലോക്സഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയ പി കരുണാകരന് പകരം 2019ല്‍ കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ കെ പി സതീഷ് ചന്ദ്രനാണ് സിപിഎമ്മിനായി മത്സരിച്ചത്. തുടർന്നാണ് സതീഷനെതിരെ കോൺഗ്രസ് ഉണ്ണിത്താനെ കള്ളത്തിൽ ഇറക്കുന്നത്. 2019ൽ അതിഥിയായി കാസർകോട് എത്തിയ ഉണ്ണിത്താൻ പിന്നീട് അവരുടെ ഉണ്ണിച്ചയായി മാറി.
2019ൽ 80.65 എന്ന മികച്ച പോളിംഗ് രേഖപ്പെടുത്തിയ കാസർകോട് മണ്ഡലത്തിൽ 10,92,752 വോട്ടർമാർ വോട്ടവകാശം വിനിയോഗിച്ചിരുന്നു. 40,438 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2019ൽ രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട് പിടിച്ചെടുത്തത്. രാജ് മോഹൻ ഉണ്ണിത്താന് 4,74,961 വോട്ട് ലഭിച്ചിരുന്നു. രണ്ടാം സ്ഥാനത്തേക്ക് പിന്തളപ്പെട്ട് സിപിഎമ്മിന്റെ കെ പി സതീഷ് ചന്ദ്രന് 4,34,523 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥിയായ രവീശ തന്ത്രി കുണ്ഠാറിന് കിട്ടിയത് 1,76,049 വോട്ടായിരുന്നു.
ഇക്കുറി സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണയും എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനിയുമായി ഉണ്ണിത്താന് എതിരെ മത്സരിച്ചത്. നിലവിൽ ഉണ്ണിതാന് അരലക്ഷത്തിൽ കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉള്ളത്. എം വി ബാലക്യഷ്ണനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനത്താണ് അശ്വിനി.
കാസർകോട് ജില്ലയിലെ മഞ്ചേശ്വരവും കാസർകോടും ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശ്ശേരി നിയമസഭ മണ്ഡലവും ഉൾപ്പെടുന്നതാണ് കാസർകോട് ലോക്സഭാ മണ്ഡലം. ഇവിടെ ഏഴിൽ അഞ്ച് നിയമസഭ മണ്ഡലങ്ങളും ഇടതുമുന്നണിയുടെ കെെയിലാണ്. അതിനാൽ വൻ പ്രതീക്ഷ നൽകിയിരുന്നുവെങ്കിലും മറ്റ് പാർട്ടികാർക്ക് പോലും ഉണ്ണിത്താൻ സ്വീകാര്യൻ ആണ്. 2019നെ അപേക്ഷിച്ച് 2024ൽ വലിയ രീതിയിൽ രാജ്മോഹന്‍ ഉണ്ണിത്താന് പ്രചരണം നടത്തിയിരുന്നു. എല്ലാ സ്ഥലങ്ങളിലും അദ്ദേഹം ഓടിയെത്തിയതും വിജയത്തിന്റെ മാറ്റ് കൂട്ടി.