‘ഇത് രാഷ്ട്രീയവിജയം, ക്രെഡിറ്റ് വടകരയിലെ ജനങ്ങൾക്ക്, പാലക്കാട് ഉപതിരഞ്ഞെടുപ്പും യു.ഡി.എഫ് ജയിക്കും’ -ഷാഫി
വടകര: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം സമ്മാനിച്ച വടകരയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വിജയമുറപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി. യു.ഡി.എഫിന്റേത് രാഷ്ട്രീയവിജയമാണെന്നും അതിന്റെ മുഴുവന്‍ ക്രെഡിറ്റും വടകരയിലെ ജനങ്ങള്‍ക്കാണെന്നും ഷാഫി പറഞ്ഞു.
‘രാഷ്ട്രീയബോധമുള്ള ഒരു ജനതയുടെ രാഷ്ട്രീയ വിജയമാണ് വടകരയിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത്. വടകരയുടെ മതേതര മനസിന്റെ വിജയമാണ്. അവിടത്തെ ജനതയുടെ രാഷ്ട്രീയബോധത്തിന്റെ വിജയമാണ്. ജനാധിപത്യ-മതേതരമൂല്യങ്ങളെ മുറുകെ പിടിക്കുന്നവരുടെ വിജയമാണ്. അതിന്റെ പരിപൂര്‍ണമായ ക്രെഡിറ്റും വടകരയിലെ ജനങ്ങള്‍ക്ക് കൊടുക്കുന്നു. അനിവാര്യമായ വിജയത്തിന് വേണ്ടി വടകരയിലെ ജനങ്ങളെ ജനാധിപത്യ-മതേതര മാര്‍ഗത്തില്‍ സമീപിച്ച ഐക്യജനാധിപത്യ മുന്നണിയുടേയും ആര്.എം.പിയുടേയും ഉള്‍പ്പെടെ ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ സഹപ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നു.’ -ഷാഫി പറഞ്ഞു.
തനിക്ക് കുറച്ച് കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്നും അത് പിന്നീട് പറയാമെന്നും പ്രചാരണത്തിന്റെ അവസാനഘട്ടത്തിലുണ്ടായ വിവാദങ്ങളെ ഉദ്ദേശിച്ച് ഷാഫി പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റേയും സി.പി.എമ്മിന്റേയും വാദം തെറ്റാണെന്ന് വടകരയിലെ ജനം തെളിയിച്ചു. പാലക്കാട്ടെ ജനത അര്‍ഹിക്കുന്ന ഏറ്റവും ഉചിതമായ തീരുമാനം തന്നെ കോണ്‍ഗ്രസും ഐക്യജനാധിപത്യമുന്നണിയും സ്വീകരിക്കും. വടകരയിലെ ജനങ്ങളുടെ ജനാധിപത്യ-മതേതര മനസ് പാലക്കാട്ടെ ജനങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്നും പാലക്കാട് യു.ഡി.എഫ്. വിജയിക്കുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
കെ. മുരളീധരന് തൃശൂരില്‍ പോയത് മതേതര പോരാട്ടം നടത്താനാണ്. ആ തീരുമാനത്തിന്റെ ഗുണം താനുള്‍പ്പെടെ കേരളത്തിലെ ബാക്കി 19 സ്ഥാനാര്‍ഥികള്‍ക്കും കിട്ടിയിട്ടുണ്ട്. ദേശീയതലത്തില്‍ ബി.ജെ.പിയുടെ അഹങ്കാരത്തിനും ധിക്കാരത്തിനുമേറ്റ തിരിച്ചടിയായി തിരഞ്ഞെടുപ്പ് ഫലം മാറുകയാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.