പോരാട്ടം കടുപ്പിച്ച് ഇന്ത്യ സഖ്യം; ലീഡ് 200 കടന്നു, എൻഡിഎയ്ക്ക് തൊട്ടുപിന്നാലെ
ന്യൂഡൽഹി: ആദ്യഘട്ട വോട്ടെണ്ണൽ ഫലം പുറത്തുവന്നപ്പോൾ 220ലധികം സീറ്റുകളിലാണ് ഇന്ത്യ സഖ്യം മുന്നേറുന്നത്. 200ലധികം വോട്ട് നേടി എന്നത് ഇന്ത്യ സഖ്യത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. തമിഴ്നാട് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും മികച്ച നേട്ടം കൈവരിക്കാൻ ഇന്ത്യ സഖ്യത്തിനായി.
ബിജെപി അധികാരത്തിലെത്തിയാലും പാർലമെന്റിൽ അവരെ സമ്മർദത്തിലാക്കാൻ കെൽപ്പുള്ള പ്രതിപക്ഷമായി ഇന്ത്യ സഖ്യം മാറും. തമിഴ്നാട്ടിൽ ആകെയുള്ള 39 സീറ്റിൽ 35 ഇടത്താണ് ഡിഎംകെയും കോൺഗ്രസും ഉൾപ്പെടുന്ന ഇന്ത്യ സഖ്യം മുന്നിട്ടുനിൽക്കുന്നത്.
ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനത്തിൽ എൻഡിഎ അധികാരത്തിലെത്തുമെന്നായിരുന്നു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ‘ഇത് എക്സിറ്റ് പോളല്ല, മോദി മീഡിയ പോളാണ്. ഇന്ത്യ സഖ്യം 295ന് മുകളില്‍ സീറ്റ് നേടും’, എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.
എക്സിറ്റ് പോളുകള്‍ വ്യാജമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കളിക്കുന്ന സൈക്കളോജിക്കല്‍ ഗെയിമാണ് എക്സിറ്റ് പോളെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. താന്‍ തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കാണിച്ച് ഉദ്യോഗസ്ഥരേയും ഭരണസംവിധാനങ്ങള്‍ ചലിപ്പിക്കുന്നവരേയും സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രമാണ് മോദി പയറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു.