പിണറായി വിജയന്റെ മണ്ഡലത്തിൽ ലീഡ് ഉയർത്തി കെ സുധാകരൻ; കണ്ണൂരിൽ യുഡിഎഫ് വിജയക്കുതിപ്പിൽ
കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ കടുത്ത മത്സരം പ്രതീക്ഷിച്ച കണ്ണൂരിൽ കോൺഗ്രസ് വിജയത്തിലേയ്ക്ക് കുതിക്കുകയാണ്. എം വി ജയരാജനെ കടത്തിവെട്ടി കെ സുധാകരൻ 34013 വോട്ടിന് ലീഡ് ചെയ്യുന്നു. കേരളത്തിൽ ഭൂരിപക്ഷം പിടിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിന്റെ കാര്യത്തിൽ നേതാക്കൾക്കിടയിൽ പോലും സംശയം ഉയർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കെ സുധാകരൻ ലീഡ് ഉയർത്തുന്നുവെന്നാണ് വിവരം. ഒരുകാലത്ത് സുധാകരന്റെ അടുത്ത അനുയായിയായിരുന്ന ബിജെപി സ്ഥാനാർത്ഥി സി. രഘുനാഥിന് വലിയ നിലയിൽ വോട്ട് പിടിക്കാനായില്ല.
അന്തിമ ഫലത്തെക്കുറിച്ച് യാതൊരു സംശയവുമില്ലെന്ന് കെ സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ശക്തികേന്ദ്രങ്ങളായ മലയോര മേഖലയിലടക്കം ഒരു ക്ഷീണവും സംഭവിച്ചിട്ടില്ലെന്നാണ് കൃത്യമായ കണക്കുകളിൽ നിന്ന് വ്യക്തമായത്. കഴിഞ്ഞ തവണത്തെക്കാൾ ലീഡ് ഇത്തവണ ഉണ്ടാകും. കഴിഞ്ഞ തവണ ബിജെപിയിൽ നിന്ന് വോട്ടു കിട്ടിയില്ല. ഇന്നലെ വന്ന ആൾ സ്ഥാനാർത്ഥി ആയതിൽ ബിജെപി പ്രവർത്തകർക്ക് അമർഷമുണ്ട്. സിപിഎമ്മിൽ നിന്നും വോട്ടും ലഭിക്കും. കൊള്ളക്കാരനായ ഭരണാധികാരിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണത്തോട് സിപിഎമ്മുകാർക്ക് തന്നെ അമർഷമുണ്ടെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.
രാഷ്ട്രീയവും വികസനപരവുമായ കാരണങ്ങളാൽ എൽഡിഎഫിന് വിജയം സുനിശ്ചിതമാണെന്നായിരുന്നു എം വി ജയരാജൻ പറഞ്ഞത്. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് വ്യക്തമായതിനാൽ ജനങ്ങൾ ഒന്നാകെ എൽഡിഎഫിന് പിന്നിൽ അണിനരക്കുകയായിരുന്നു. എക്സിറ്റ് പോളുകളെ ജനം മുഖവിലക്കെടുക്കില്ലെന്നും എം വി ജയരാജൻ വ്യക്തമാക്കിയിരുന്നു.