കോഴിക്കോട് വീണ്ടും രാഘവൻ തരംഗം; എം ടി രമേശ് രണ്ടാം സ്ഥാനത്ത്, എൽഡിഎഫിന് ക്ഷീണം
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങൾ പുറത്തുവന്ന് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ തന്നെയാണ് വ്യക്തമായ ലീഡ് നേടി മുന്നേറുന്നത്. ഇപ്പോഴിതാ എൽഡിഎഫ് സ്ഥാനാർത്ഥിയായ എളമരം കരീമിനെ പിന്നിലാക്കി എൻഡിഎ സ്ഥാനാർത്ഥി എം ടി രമേശ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് എൻഡിഎ എൽഡിഎഫിനെ പിന്നിലാക്കുന്നത്.
അതേസമയം എം കെ രാഘവനെതിരെ ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ രണ്ട് സ്ഥാനാർത്ഥികൾക്കുമായിട്ടില്ല. നിലവിൽ രാഘവന്റെ ഭൂരിപക്ഷം കാൽലക്ഷം പിന്നിട്ടു. എൻഡിഎ അൽപ്പനേരത്തേക്കെങ്കിലും മുന്നിൽ കയറിയത് എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം കനത്ത ക്ഷീണമാണ്.
രാജ്യത്തെ അടുത്തിടെ പ്രാബല്യത്തിൽ വന്ന പൗരത്വ നിയമം വലിയ രീതിയിൽ ചർച്ച ചെയ്ത മണ്ഡലം കൂടിയാണ് കോഴിക്കോട്. തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ത്രികോണ മത്സരത്തിന്റെ യാതൊരു ലക്ഷണവുമില്ലാതിരുന്നിട്ടും എൻഡിഎ എൽഡിഎഫിനേക്കാൾ മുന്നിൽ പോയത് സിപിഎമ്മിൽ കനത്ത ചർച്ചയ്ക്ക് വഴിയൊരുക്കും.