രാഹുൽ ഗാന്ധി വിജയമുറപ്പിച്ചു, വയനാട്ടിൽ ഭൂരിപക്ഷം ഒരു ലക്ഷത്തിലേക്ക്
വയനാട്: ആകാംക്ഷാഭരിതമായ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയമുറപ്പിക്കുന്നതായി സൂചന. സിറ്റിംഗ് മണ്ഡലമായ വയനാട്ടിൽ അദ്ദേഹത്തിന്റെ ലീഡ് ഉയരുകയാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ വയനാട്ടിലെ രാഹുലിന്റെ ഭൂരിപക്ഷം 91421 ആണ്. എൽഡിഎഫിന്റെ ആനിരാജയ്ക്ക് 52350 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ 31030 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തുണ്ട്.
മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ റായ്ബറേലിയിൽ നാൽപ്പതിനായിരത്തിന് മുകളിലാണ് രാഹുൽ ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ പ്രത്യേകിച്ച് ഗാന്ധി കുടുംബത്തിന്റെ കുത്തക മണ്ഡലങ്ങളായിരുന്നു അമേഠിയും റായ്ബറേലിയും.
2019ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. വയനാട്ടില്‍ നിന്ന് മത്സരിച്ച്, വിജയിച്ചാണ് അദ്ദേഹം ലോക്സഭയിലേക്ക് പോയത്.
2004 മുതല്‍ സോണിയ ഗാന്ധിയാണ് റായ്ബറേലിയില്‍ നിന്ന് വിജയിക്കുന്നത്. അനാരോഗ്യം കണക്കിലെടുത്ത് ഇത്തവണ സോണിയ മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു.