കൊച്ചിയില്‍ ഹണിട്രാപ്പിലൂടെ രണ്ടു ലക്ഷം തട്ടിയ മൂന്നുപേർ പിടിയിൽ
കൊച്ചി: ഹണിട്രാപ്പിലൂടെ പണംതട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ. ചെങ്ങന്നൂർ സ്വദേശി ജെസ്ലി, നിലമ്പൂർ സ്വദേശി സൽമാൻ, ആലുവ സ്വദേശി അഭിജിത് എന്നിവരെയാണ് എറണാകുളം ഏലൂർ പൊലീസ് പിടികൂടിയത്. രണ്ട് ലക്ഷം രൂപയാണ് ഇവർ ഭീഷണിപ്പെടുത്തി തട്ടിയത്.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ യുവാവ് ഇൻസ്റ്റഗ്രാമിൽ ജെസ്ലിക്കു മോശം സന്ദേശം അയച്ചിരുന്നു. ഇതിൽ പരാതി നൽകാനായി പൊലീസ് സ്റ്റേഷനിലെത്തിയതായിരുന്നു യുവതിയും മറ്റു രണ്ടുപേരും. പിന്നീട് സ്റ്റേഷനു പുറത്തുവച്ച് പരാതിക്കാരനുമായി ചർച്ച നടത്തിയ ശേഷം ഇവർ പരാതി പിൻവലിക്കുകയും ചെയ്തു.
ഇതിനിടയിലാണു പരാതിക്കാരനിൽനിന്ന് ഇവർ ഭീഷണിപ്പെടുത്തി പണം തട്ടിയത്. 20 ലക്ഷം രൂപയായിരുന്നു ഇവർ ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ കേസുമായു മുന്നോട്ടുപോകുമെന്നു ഭീഷണിപ്പെടുത്തി. പിന്നീട് അഞ്ചു ലക്ഷമായി കുറയ്ക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ഇദ്ദേഹം രണ്ടു ലക്ഷം രൂപ സംഘത്തിനു നൽകുകയും ചെയ്തു.
പിന്നീട് ബന്ധുക്കളുടെ ഉൾപ്പെടെ സ്വർണം പണയം വച്ച് എടുത്ത മൂന്നു ലക്ഷം രൂപയുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഈ സമയത്താണ് പൊലീസ് വിവരം അറിയുന്നത്. വൈകീട്ട് തന്നെ മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.