മൂത്രമൊഴിക്കാൻ വയലിൽ പോകുന്നതിനിടെ ഏഴുവയസുകാരനായ അനുജൻ കാൽ വഴുതി കുളത്തിൽ വീണു; രക്ഷിക്കാൻ ചാടിയ 12 കാരനും മുങ്ങിമരിച്ചു
കാൽ വഴുതി കുളത്തിൽ വീണ സഹോദരനെ രക്ഷപ്പെടുത്താൻ ശ്രമിച്ച 12 കാരനും മരിച്ചു. കൊല്ലം മൈലാപ്പൂർ പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫർസിൻ (12), സഹോദരൻ അഹിയാൻ (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറേ കാലോടെ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം. വീടിന് സമീപത്തെ ബേക്കറി ഷോപ്പിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇവിടെയെത്തിയ കുട്ടികൾ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകുന്നതിനിടെ അഹിയാൻ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ അഹിയാനെ രക്ഷിക്കാൻ ആരെയും വിളിച്ചറിയിക്കാതെ ഫർസീനും കുളത്തിലേക്ക് എടുത്തു ചാടി. നീന്തൽ അത്രയും വശമില്ലാത്ത ഇരുവരും മുങ്ങിത്താണു. സംഭവ സമയം സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അൽപ്പ സമയത്തിന് ശേഷം അതുവഴി വന്ന ഇതര സംസ്ഥാന തൊഴിലാളി ചെരിപ്പുകൾ കരയിൽ കിടക്കുന്നതു കണ്ടു നടത്തിയ തിരച്ചിലിലാണ് കുട്ടികൾ വെള്ളത്തിൽ മുങ്ങിയതായി കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർസീൻ മരണമടഞ്ഞിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ അഹിയാനും മരണത്തിന് കീഴടങ്ങി. ഇരുവരും ചെറുപുഷ്പം സ്കൂളിലെ വിദ്യാർത്ഥികളാണ്.