10 വര്‍ഷമായി കാബിന്‍ക്രൂ; സ്വര്‍ണക്കടത്ത് സംഘവുമായി സുരഭിയെ ബന്ധപ്പെടുത്തിയതില്‍ സുഹൈലിന് മുഖ്യപങ്ക്
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാന ജീവനക്കാരിയില്‍നിന്ന് 960 ഗ്രാം സ്വര്‍ണം പിടിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് സീനിയര്‍ കാബിന് ക്രൂ തില്ലങ്കേരി സ്വദേശി തനലോട്ട് സുഹൈലിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. 10 വര്‍ഷമായി കാബിന് ക്രൂവായി ജോലി ചെയ്യുകയാണ്. കോടതിയില്‍ ഹാജരാക്കിയ സുഹൈലിനെ റിമാന്‍ഡ് ചെയ്തു.
കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ ദിവസം മസ്കറ്റില്‍നിന്ന് കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിന്ക്രൂവായ കൊല്‍ക്കത്ത സ്വദേശിനി സുരഭി ഖാതൂനെ സ്വര്‍ണക്കടത്തിന് അറസ്റ്റുചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് സംഘവുമായി സുരഭിയെ ബന്ധപ്പെടുത്തുന്നതില്‍ സുഹൈലിന് കാര്യമായ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡി.ആര്.െഎ. നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച മിശ്രിതരൂപത്തിലുള്ള സ്വര്‍ണവുമായി സുരഭിയെ പിടികൂടിയത്.