പൊലീസുകാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയും കൂട്ടാളിയും മയക്കുമരുന്നുമായി പിടിയിൽ
കണ്ണൂർ: ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ
പൊലീസുകാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയടക്കം രണ്ടു പേരെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ്, ചെങ്ങളായി സ്വദേശികളായ അരിമ്പ്ര, പണിക്കരകത്ത് ഹൗസിൽ പി. ഷിഫാസ് (30), പരിപ്പായി പൂവപ്രത്ത് പി.കെ മുബീൻ (21) എന്നിവരെയാണ് എറണാകുളം. പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ മുബീൻ ആണ് ഇക്കഴിഞ്ഞ ജനുവരി 21ന് ശ്രീകണ്ഠാപുരത്ത് വെച്ച് പൊലീസുകാരെ ബൈക്കിൽ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി. കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. അതിന് ശേഷം എറണാകുളത്തെത്തി സുഹൃത്ത് ഷിഫാസിന്റെ ഉടമസ്ഥതയിൽ അപ്പാർട്ട്മെന്റിൽ കഴിയുകയായിരുന്നു. ഈ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ച പനങ്ങാട് എസ്.ഐ ഹരിശങ്കറും സംഘവും വ്യാഴാഴ്ച രാത്രി നടത്തിയ റെയ്തിലാണ് 26.84 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. ഇതിൽ ഒരു ഭാഗം കിടപ്പുമുറിയിലെ കട്ടിലിനു കീഴിൽ ഒളിപ്പിച്ചുവെച്ച നിലയിലും ബാക്കി ഭാഗം ഷിഫാസിന്റെയും മുബീന്റെയും വസ്ത്രങ്ങളുടെ പോക്കറ്റുകളിലും ഒളിപ്പിച്ചുവെച്ച നിലയിലുമാണ്. ശ്രീകണ്ഠാപുരത്ത് പൊലീസുകാരെ ബൈക്കിൽ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കണിയാർ വയൽ സ്വദേശി മുഹമ്മദ് റാഫിയും പ്രതിയാണ്.