ഏഴാം ക്ലാസുകാരിയെ സ്കൂളിൽ വെച്ച് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; പ്രധാനധ്യാപകന് അറസ്റ്റിൽ
ബംഗളൂരു: കർണാടകയിൽ ഏഴാംക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രധാനധ്യാപകന് അറസ്റ്റിൽ. ചിക്കബെല്ലാപുരയിലെ സർക്കാർ സ്കൂളിലെ പ്രധാനധ്യാപകന് ജി.വെങ്കിടേഷാണ് അറസ്റ്റിലായത്. സ്കൂൾ ഓഫീസ് മുറിയിൽവെച്ച് ആറുമാസത്തോളം പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി കർണാടക പൊലീസ് പറഞ്ഞു. പ്രതി ജി വെങ്കിടേഷിനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് മാസമായി പെൺകുട്ടിക്ക് ആർത്തവം വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പരിശോധനയിൽ പെൺകുട്ടി മൂന്ന് മാസം ഗർഭിണിയാണെന്ന് തെളിയുകയായിരുന്നു.തുടർന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പ്രധാനധ്യാപകന് പീഡിപ്പിച്ച കാര്യം പെൺകുട്ടി മാതാപിതാക്കളോട് തുറന്ന് പറഞ്ഞത്. സ്കൂളിലെ ഓഫീസ് മുറിയിൽവെച്ച് പ്രധാനധ്യാപകന് പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി.വിസമ്മതിച്ചപ്പോഴെല്ലാം ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും പെൺകുട്ടി പറയുന്നു.
സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സ്കൂളിലെ മറ്റ് അധ്യാപകരെയും ജീവനക്കാരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ സഹപാഠികളുടെ മൊഴിയും പൊലീസ് ശേഖരിച്ചുവരികയാണ്.