എൻ.എസ്.യു ദേശീയ സെക്രട്ടറി തടാക കരയിൽ കൊല്ലപ്പെട്ട നിലയിൽ; ദേഹം മുഴുവൻ മുറിവുകൾ
വിശാഖപട്ടണം: എൻ.എസ്.യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ കൊല്ലപ്പെട്ട നിലയിൽ. ആന്ധ്രാപ്രദേശിലെ ധർമ്മാവരത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കാണപ്പെട്ടത്. ദേഹമാസകലം മുറിവുകളുണ്ട്. ഭൂമിയിടപാടും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. ഭൂമി സംബന്ധമായ കാര്യങ്ങൾ അടുത്ത സുഹൃത്തുക്കളുമായി ചർച്ച ചെയ്തിരുന്നുവെന്നു നേതാക്കൾ വ്യക്തമാക്കി. തടാകക്കരയിൽ ആടുകളെ മേയ്ക്കാൻ എത്തിയവരാണ് നഗ്നമാക്കിയ നിലയിൽ മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിച്ചു. പൊലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി മോർച്ചറിയിലേക്ക് മാറ്റി. കൊലപാതകത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് എൻ.എസ്.യു നേതാക്കൾ ആവശ്യപ്പെട്ടു. കേരളത്തിലെ കെ.എസ്.യു വിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ് സമ്പത്ത് കുമാർ.