അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിയ്ക്ക് സസ്പെൻഷൻ
അങ്കമാലി: അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവിന് സസ്പെൻഷൻ. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലി പുളിയനത്തുള്ള വീട്ടിൽ ഞായറാഴ്ച ഒരുക്കിയ വിരുന്നിലാണ് ഡിവൈഎസ്പിയും സംഘവും കുടുങ്ങിയത്. ഡിവൈഎസ്പിയുടെ കൂടെയുണ്ടായിരുന്ന ഡ്രൈവർക്കും സി.പി.ഒയ്ക്കും തിങ്കളാഴ്ച സസ്പെൻഷൻ ലഭിച്ചിരുന്നു.
സിനിമാനടനായ ‘സുഹൃത്തിന്റെ’ വീട്ടിലേക്കെന്നു പറഞ്ഞാണ് ഡിവൈഎസ്പി തങ്ങളെ കൊണ്ടുപോയതെന്നാണ് ഒപ്പമുണ്ടായിരുന്ന പൊലീസുകാർ പറഞ്ഞത്. അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിൽ ഫെയ്സൽ അഭിനയിച്ചിരുന്നു. എന്നാൽ, ഫെയ്സലിനെ കാണണമെന്ന പൊലീസുകാരുടെ ആഗ്രഹപ്രകാരം അവിടെ പോകുകയായിരുന്നുവെന്നാണ് ഡിവൈഎസ്പി മേലധികാരികളോടു വിശദീകരിച്ചത്. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
മേയ് 31-ന് വിരമിക്കേണ്ട ഡിവൈഎസ്പി സാബു ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷം തിരികെ വരുമ്പോഴാണ് അങ്കമാലിയിൽ കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത് എന്ന് പറയപ്പെടുന്നു. ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാനായി സംസ്ഥാന വ്യാപകമായി ഓപറേഷൻ ആഗ് പരിപാടി നടക്കുന്നതിനാൽ തമ്മനം ഫൈസൽ ഉൾപ്പെടെയുള്ള ഗുണ്ടാ നേതാക്കൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ ആളെത്തിയതറിഞ്ഞ് അങ്കമാലി പൊലീസ് റെയ്ഡ് നടത്തിയപ്പോഴാണ് ഡിവൈഎസ്പിയും പൊലീസുകാരുമാണ് എത്തിയതെന്ന് വ്യക്തമായത്. അങ്കമാലി പൊലീസിനെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു.
കൊച്ചിയിൽ ഏറ്റവുമാദ്യം കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ നേതാക്കളിലൊരാളാണ് ജോർജ് എന്ന തമ്മനം ഫൈസൽ. എറണാകുളം തമ്മനത്തെ വീട്ടിലെ വിളിപ്പേരായിരുന്നു ഫൈസൽ. പിന്നീട് മാതാവിന്റെ നാടായ അങ്കമാലി പുളിയനത്തേക്ക് താമസം മാറ്റിയതോടെ തമ്മനം ഫൈസൽ എന്നറിയപ്പെടുന്നത്. താൻ കുറെ വർഷങ്ങളായി ഗുണ്ടാ പരിപാടികൾക്കൊന്നും പോകാറില്ലെന്നും സ്വന്തമായി ടിപ്പറുകളും മാലിന്യം ശേഖരിക്കുന്ന വണ്ടിയും മറ്റ് കുടുംബ ബിസിനസുകളും നോക്കി നടത്തുകയാണ് ചെയ്യുന്നതെന്നും അവകാശപ്പെടുന്ന ഫൈസൽ കരാട്ടെ അധ്യാപകൻ കൂടിയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിന് പിന്നാലെയാണ് എം.ജി സാബു സ്ഥലം മാറി ആലപ്പുഴയിലെത്തിയത്. എറണാകുളം റൂറൽ പൊലീസ് പരിധിയിൽ ദീർഘകാലം ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.